കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളി ചൈന. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യമായി കൊവിഡ് വന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ചൈന തന്നെയാണോ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് തെളിയിക്കുകയാണ് ഡബ്ല്യുഎച്ചഒ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
കൊറോണ വൈറസ് എവിടെയാണ് ഉത്ഭവിച്ചത് എന്നറിയാനുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും എന്നാല്‍ ഇതിനു പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ക്കുന്നുവെന്നുമാണ് ചൈനയുടെ പ്രതികരണം.
2020 ജനുവരിയിലാണ് ചൈനയില്‍ കൊവിഡ് പടര്‍ന്നുതുടങ്ങിയതും പിന്നീടത് ലോകമാകെ വ്യാപിച്ചതും. വൈറസ് എവിടെ നിന്നാണ് വന്നതെന്നറിയാന്‍ തുടങ്ങിവച്ച പഠനങ്ങളില്‍ വ്യക്തമായത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് വൈറസ് വന്നതെന്നായിരുന്നു. വുഹാനിലെ ലാബിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വൈറസിന്റെ ഉത്ഭവം ചൈന തന്നെയാണെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല.
ഇപ്പോള്‍ ചൈനയിലെ ആദ്യസമയത്തുണ്ടായ കൊവിഡ് കേസുകളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാനാണ് ലോകാരോഗ്യ സംഘടനയോട് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനുപിന്നില്‍ രാഷ്ട്രീയനീക്കമാണെന്ന നിലപാടിലാണ് ചൈന. വുഹാനില്‍ നിന്നാണ് വൈറസ് വന്നതെന്ന വാദം തെറ്റാണെന്നും ചൈന തിരിച്ചടിച്ചു.