Kerala

ടോക്യോ ഒളിമ്പിക്സ്: ഹോക്കിയിൽ ഗോൾ മഴ; ആതിഥേയരെ മറികടന്ന് ഇന്ത്യ

ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 8 ഗോളുകൾ പിറന്ന മത്സരത്തിൽ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ പൂൾ എയിലെ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാൻ മുട്ടുമടക്കിയത്. (olympics india japan hockey)

കളി തുടങ്ങി ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മുന്നിലെത്തി. 13ആം മിനിട്ടിൽ ഹർമൻപ്രീത് സിംഗ് ആണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി കോർണറിൽ നിന്നായിരുന്നു ഗോൾ. രണ്ടാം ക്വാർട്ടർ തുടങ്ങി രണ്ടാം മിനിട്ടിൽ ഗുർജത് സിംഗിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. സിമ്രൻജീത് സിംഗിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. രണ്ട് മിനിട്ടുകൾക്ക് ശേഷം ജപ്പാൻ തിരിച്ചടിച്ചു. പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് കെൻ്റ റ്റനാകയാണ് ജപ്പാൻ്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്.

മൂന്നാം ക്വാർട്ടറിന് മൂന്ന് മിനിട്ട് പ്രായമായപ്പോൾ ജപ്പാൻ ഇന്ത്യക്ക് ഒപ്പമെത്തി. 33ആം മിനിട്ടിൽ കോട്ട വടനബെയാണ് ആതിഥേയരുടെ സമനില ഗോൾ കണ്ടെത്തിയത്. അടുത്ത മിനിട്ടിൽ ഇന്ത്യ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. ഷംസെർ സിംഗ് ആണ് ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചത്. അവസാന ക്വാർട്ടറിൽ, 50ആം മിനിട്ടിൽ ശ്രീജേഷിൻ്റെ ഇരട്ട സേവുകൾ ഇന്ത്യയുടെ ലീഡ് സംരക്ഷിച്ചുനിർത്തി. തൊട്ടടുത്ത മിനിട്ടിൽ ഇന്ത്യ ലീഡ് ഉയർത്തി. നീലകണ്ഠ ശർമ്മയാണ് ഇന്ത്യയുടെ നാലാം ഗോൾ നേടിയത്. 56ആം മിനിട്ടിൽ ഇന്ത്യ അഞ്ചാം ഗോളും കണ്ടെത്തി. പെനൽറ്റി കോർണറിൽ നിന്ന് ഗുർജന്ത് സിംഗ് നേടിയ ഗോളിൽ ഇന്ത്യ 5-2നു മുന്നിലെത്തി. കളി അവസാനിക്കാൻ ഒരു മിനിട്ട് ബാക്കിനിൽക്കെ കസുമ മുറാട്ട ജപ്പാനു വേണ്ടി ഇന്ത്യൻ ഗോൾവലയം ഭേദിച്ചു. കെൻ്റ റ്റനാകയുടെ ഗംഭീര അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

അതേസമയം, ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18.