India

ജാർഖണ്ഡിൽ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. ജഡ്ജിയെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് അറസ്റ്റിലായത്. സംഭവത്തിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.

ഇന്നലെയാണ് ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകൾക്ക് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചത് അടക്കം വിവരങ്ങൾ പുറത്തുവന്നതോടെ ദുരൂഹമരണം ദേശീയ ശ്രദ്ധയിലേക്ക് വന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ജാർഖണ്ഡ് ഹൈക്കോടതി, ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ തീരുമാനിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐയ്ക്ക് കൈമാറുമെന്നും കോടതി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ജാർഖണ്ഡ് അഡ്വക്കേറ്റ് ജനറൽ രാജീവ് രഞ്ജൻ പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി ബന്ന ഗുപ്ത അറിയിച്ചു. ഹേമന്ദ് സോറൻ സർക്കാരിനെ കടന്നാക്രമിച്ച ബിജെപി, സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വികാസ് സിംഗ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയെ സമീപിച്ചു.