India

പ്രതിപക്ഷ കൂട്ടായ്മ; മമത ബാനര്‍ജി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതയുടെ നീക്കം. ഇക്കാര്യം മുന്‍നിര്‍ത്തി മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും. എന്‍സിപി സ്വീകരിക്കുന്ന മെല്ലെപോക്കില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ ആം ആദ്മിയെ അടക്കമാണ് മമത ലക്ഷ്യമിടുന്നത്. വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെ കേജ്‌രിവാളിന്റെ വസതിയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഡല്‍ഹി സന്ദര്‍ശനം തുടരുന്ന മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.

അനുകൂല രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന വിലയിരുത്തലിലാണ് മമത. വിശാല ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളെ അത്തരം ഒരു മുന്നണിയുടെ ഭാഗമാക്കാനാണ് മമതയുടെ ശ്രമം.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനെ ഇടത് പാളയത്തില്‍ നിന്ന് അടര്‍ത്തി എടുക്കാനുള്ള ശ്രമവും മമത ശക്തമാക്കി. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്താണ് മമതയുടെ നീക്കം. ഇന്ന് വൈകിട്ട് 4:30 മണിക്ക് നടക്കുന്ന മമത- സോണിയ കൂടികാഴ്ചയ്ക്ക് ശേഷം നിര്‍ണായക തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് കടക്കും എന്ന് ടിഎംസി നേതാക്കള്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ ആണ് കൂടിക്കാഴ്ച. വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഇടത് പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെയുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്.