India National

കോണ്‍ഗ്രസിലേക്ക് മടങ്ങാനൊരുങ്ങി എ.എ.പി എം.എല്‍.എ അല്‍ക ലാംബ

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഡല്‍ഹി ആംആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക ലാംബ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് എ.എ.പിയെന്നും തകര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് സഖ്യം വേണമെന്ന് കോണ്‍ഗ്രസിനോട് നിര്‍ബന്ധിക്കേണ്ടി വരുന്നതെന്നും അല്‍കാംലാബ വിമര്‍ശിച്ചു. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച നേതൃത്വത്തോട് നന്ദിയുണ്ടെന്നും അല്‍കാ ലാംബ പറഞ്ഞു.


ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുകയാണ് അല്‍കാലാംബ. എ.എ.പിയില്‍ ഏകാധിപത്യഭരണമാണെന്നും കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടെന്നും അല്‍കാലാംബ പറഞ്ഞു. എഎപി ദുര്‍ബലമായത് കൊണ്ടാണ് കോണ്‍ഗ്രസിനോട് സഖ്യം വേണമെന്ന് എപ്പോഴും ആവശ്യപ്പെടുന്നതെന്നും അല്‍കാലാംബ പറഞ്ഞു. രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരതരത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ പ്രമേയം പാസാക്കുന്നതിനെതിരെ നിലപാട് എടുത്തതോടെയാണ് അല്‍ക ലാംബയും പാര്‍ട്ടിയും തമ്മില്‍ ശീതയുദ്ധം രൂക്ഷമായത് . മുന്‍പ് എന്‍.എസ്.യുവില്‍ അടക്കം പ്രവര്‍ത്തിച്ചിരുന്ന അല്‍ക 2013 ല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഡല്‍ഹിയിടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ അല്‍ക ലാബയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.