World

ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 89 പേര്‍ ഇതുവരെ മരിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശമായ പാപ്പുവയാണ് പ്രളയത്തിലകപ്പെട്ടത്. 74 പേരെ കുറിച്ച് ഇനിയും വിവരമൊന്നുമില്ല. പ്രളയത്തിന്റെ ആഘാതം നിരവധി പേരെ ബാധിച്ചുകഴിഞ്ഞു. 159 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ 84 പേര്‍ ഗുരുതരാവസ്ഥയിലും.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉറങ്ങാന്‍പോലുമായിട്ടില്ലെന്ന് ദുരിതബാധിതര്‍‌ പറയുന്നു. നിരവധി പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 350ലധികം വീടുകള്‍ താറുമാറായി. മൂന്ന് പാലങ്ങളും എട്ട് സ്കൂളുകളും മൂന്ന് ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളുമുള്‍പ്പെടെ നാശനഷ്ടങ്ങളുടെ പട്ടിക നീളുന്നു.

രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും ചിലയിടങ്ങളില്‍ ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. അനധികൃതമായുള്ള കെട്ടിട നിര്‍മാണമാണ് വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.