നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിഘടകത്തില്‍ ആലോചിക്കാതെ സുധാകരന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി.
ഡിസിസി പുനഃസംഘടനക്കായി അഞ്ചംഗ സമിതിയെ നിയമിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് ഏറ്റവുമൊടുവില്‍ ഗ്രൂപ്പുകളെ അസ്വസ്തതരാക്കുന്നത്. ഇതിനുപുറമേ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും, ഭാരവാഹികളെ അന്‍പതായി നിജപ്പെടുത്തും തുടങ്ങിയ സുധാകരന്റെ നിലപാടുകളിലും എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അസ്വസ്തരാണ്. പാര്‍ട്ടിയുടെ ഏതുഘടകത്തില്‍ ആലോചിച്ചിട്ടാണ് സുധാകരന് ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്നതാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം.
നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന സുധാകരന്റെ തുടര്‍നീക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഗ്രൂപ്പുകള്‍. മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിച്ച് ഏകപക്ഷീയ നിലപാടുമായി മുന്നോട്ട് പോകാനാണ് സുധാകരന്റെ നീക്കമെങ്കില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.
ഡിസിസി പുനഃസംഘടന കൂടി മുന്നില്‍ക്കണ്ടാണ് ഗ്രൂപ്പുകള്‍ വീണ്ടും തലപൊക്കുന്നത്. കെപിസിസി അധ്യക്ഷ നിയമനത്തില്‍ മൗനം പാലിച്ച മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ് മാനേജര്‍മാരും പക്ഷേ ഡിസിസി പുനഃസംഘടനയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ്.