ശബരിമലയിൽ ദർശനത്തിനെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകൾ അടക്കമുള്ള തീർഥാടക സംഘത്തെ ശബരിമല കർമസമിതി പ്രവർത്തകർ വഴിയിൽ തടഞ്ഞ് മർദ്ദിച്ചതായി പരാതി. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു.
തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടക സംഘം ഇന്നലെ രാത്രി മരക്കൂട്ടത്ത് എത്തിയപ്പോഴാണ് സംഭവം. തിരിച്ചറിയൽ രേഖകൾ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർമസമിതി പ്രവർത്തകർ തടയുകയായിരുന്നു. സംഘത്തിലുള്ള സ്ത്രീകൾക്ക് 50 വയസ് പിന്നിട്ടതാണന്നും രേഖകൾ പൊലീസിനെ കൈമാറുകയുള്ളൂ എന്നും തീർഥാടക സംഘം നിലപാടെടുത്തു. തുടർന്നാണ് മർദ്ദനമുണ്ടായതെന്ന് തീർഥാടകസംഘം പൊലീസിന് മൊഴി നൽകി.
തുടർന്ന് പൊലീസും കർമ സമിതി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കർമ സമിതി പ്രവർത്തകനെ പൊലീസ് അകാരണമായി മർദ്ദിച്ചെന്നും ചികിത്സ നൽകാൻ വിസമ്മതിച്ചെന്നും കർമസമിതി ആരോപിച്ചു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.