2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 25% കുറവുണ്ടായതായി കണക്കുകള്‍. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് 682 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചെലവ് 998 കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം ഇത് 470 കോടിയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സി.പി.എം-സി.പിഐ എന്നിവയാണ് കണക്ക് അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു ദേശീയ പാര്‍ട്ടികള്‍. 2019-2020 വര്‍ഷത്തില്‍ സി.പി.എമ്മിന്റെ വരുമാനം ഏതാണ്ട് 150 കോടി രൂപയാണ്. സി.പി.ഐയുടേത് 6.58 കോടി രൂപയാണ്. 105.68 കോടി രൂപയാണ് സി.പി.എം ചിലവഴിച്ചത്, സി.പി.ഐ 6.53 കോടി രൂപ ചെലവാക്കിയെന്നും കണക്കുകള്‍ പറയുന്നു.
ബി.ജെ.പി ഇതുവരെ അവരുടെ വരവ് ചെലവ് കണക്കുകള്‍ അപ്ലോഡ് ചെയ്തിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ കണക്കുകള്‍ അപ്ലോഡ് ചെയ്യാനുള്ള കാലാവധി ജൂണ്‍ 30വരെ നീട്ടിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ ഫെബ്രുവരിയില്‍ തന്നെ കണക്ക് സമര്‍പ്പിച്ചിരുന്നു.