Kerala

ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; കൂടുതൽ പേർ പാർട്ടി വിട്ടേയ്ക്കും

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ബിജെപിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു. അഡ്‍മിനിസ്‍ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി. പി മുഹമ്മദ് ഹാഷിം അടക്കം 8 പേരാണ് ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. ഇവര്‍ ലക്ഷദ്വീപിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടിക്ക് തങ്ങളുടെ രാജി സമര്‍പ്പിച്ചു. എം മുത്തുക്കോയ, ബി ഷുക്കൂര്‍, എം. ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്‌സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച മറ്റു നേതാക്കള്‍. എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ ലക്ഷദ്വീപ് എംപി ഇന്ന് ഡൽഹിക്ക് തിരിക്കും. കേന്ദ്ര ആദ്യന്തര മന്ത്രാലയത്തെ കാര്യങ്ങൾ നേരിട്ട് ധരിപ്പിക്കാനാണ് നീക്കം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ രാഷ്ട്രപതിക്ക് ഭീമഹരജി നൽകാനൊരുങ്ങുകയാണ് ലക്ഷദ്വീപുകാര്‍. ഇതിനായി ദ്വീപ് നിവാസികൾ ഒപ്പ് ശേഖരം ആരംഭിച്ചിട്ടുണ്ട്.ബിജെപി നേതാക്കളുടെ രാജി അഡ്മിനിസ്ട്രേറ്ററുടെ നടപടികളോടുള്ള പ്രതികരണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം പറഞ്ഞു. പ്രഫുല്‍ പട്ടേലിന്‍റെ ജനദ്രോഹ നടപടികള്‍ കാരണമാണ് നേതാക്കള്‍ രാജിവെച്ചത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ബി ജെ പി നില്‍ക്കാന്‍ പാടില്ല. പുതിയ പരിഷ്കാരങ്ങളില്‍ ദ്വീപിലെ ബി ജെ പി ക്ക് അതൃപ്തിയുണ്ട്. നേതാക്കളുടെ രാജിക്കാര്യത്തില്‍ ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മുഹമ്മദ് കാസിം മീഡിയ വണിനോട് പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും പറഞ്ഞ് കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര നടപടിയെ ന്യായീകരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രസ്താവനകളെയെല്ലാം ആദ്യം തള്ളുന്നത് ലക്ഷദ്വീപിലെ ബിജെപി നേതാക്കളായിരുന്നു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനദ്രോഹപരമായ നിരവധി പരിഷ്കാരങ്ങളാണ് തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കിയത്.