India Kerala

അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് ഹൈക്കോടതി ;

അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മുഹമ്മദ് അനൂപല്ലെങ്കില്‍ മറ്റാരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം തെളിയിക്കാനും ജാമ്യഹർജി പരിഗണിക്കവേ കോടതി നിർദേശിച്ചു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയ 5 കോടി രൂപ എവിടുന്ന് വന്നതെന്ന് കോടതി ചോദിച്ചു.

മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് ഈ പണം നിക്ഷേപിച്ചതെന്നും കോടതി ആരാഞ്ഞു. എന്നാല്‍ പണം മുഴുവന്‍ നിക്ഷേപിച്ചത് മുഹമ്മദ് അനൂപല്ലെന്നും, കഴിഞ്ഞ 8 വർഷത്തിനിടെ പഴം പച്ചക്കറി മത്സ്യ വ്യാപാരം വഴിയെത്തിയ പണമാണിതെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെ‍ഞ്ചിന് മുന്നില്‍ ഇത് മൂന്നാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യഹർജിയെത്തുന്നത്.

എന്നാല്‍ ബാങ്കിടപാട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അഭിഭാഷകനാകുന്നില്ലെന്നും, രേഖകൾ സഹിതം ഇത് തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.