പശ്ചിമബംഗാളില്‍ ഇടതു മുന്നണി ഇരുപത്തിയഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരെത്ത പ്രഖ്യാപിച്ച റായ്ഗഞ്ചും മുര്ഷിദബാദും ഉള്‍പ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടന്നത്. കോണ്‍ഗ്രസുമായുള്ള ധാരണ നിലനില്‍ക്കുന്നതിനാല്‍ 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇരുപത്തിയഞ്ചില്‍ 15 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ബാക്കി പത്ത് സീറ്റുകളില്‍ സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്.എസ്.പി എന്നീ പാര്‍ട്ടികളും മത്സരിക്കും. ബി.ജെ.പി, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുതെന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ധാരണയിലാണ് സി.പി.എം മത്സരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് വിജയിച്ച നാല് സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് തീരുമാനം. ഇത് ഉള്‍പ്പെടെ 17 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനി നടക്കാന്‍ ഉള്ളത്. ഇതില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.
കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളെ സി.പി.എം പിന്തുണക്കും. പുരുലിയ, ബഷിരാത്ത് എന്നീ മണ്ഡലങ്ങളില്‍ സി.പി.ഐയും ഫോര്‍വേര്‍ഡ് ബ്ലോക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് താല്പര്യം പ്രകടിപ്പിച്ചതിനാല്‍ ഈ രണ്ട് മണ്ഡലങ്ങളും വിട്ടുകൊടുക്കുമെന്നും ഇടതുമുന്നണി ചെയര്മാന് ബിമന്‍ ബോസ് പറഞ്ഞു. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളായ മുര്‍ഷിദാബാദ്, റായ്ഗഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും വിട്ടുകൊടുക്കാന്‍ സി.പി.എം തയ്യാറായിരുന്നില്ല. ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനഘടകവുമായി ചര്‍ച്ച നടത്തിയതിനൊടുവിലാണ് കോണ്‍ഗ്രസ് പിന്മാറിയത്.
ഇരുപത്തിയഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത് ഇടതുമുന്നണി അറിയിച്ചതായി കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ സോമെന്‍ മിത്ര വ്യക്തമാക്കി. സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.