Kerala

വോട്ടെണ്ണലിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു.

ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 14 ടേബിളുകൾ ആയിരുന്നു ഒരു ഹാളിൽ ഉണ്ടായിരുന്നത്. ഇത്തവണ കൊവിഡ് സാഹചര്യത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാൻ ഒരു ഹാളിൽ ഏഴ് ടേബിളുകൾ ആയി കുറച്ചിട്ടുണ്ട്. റിസർവ് ഉൾപ്പടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജൻറുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോംഗ് റൂമുകൾ തുറക്കുക.

തപാൽ ബാലറ്റുകൾ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകൾ രാവിലെ 8.30 മുതലും എണ്ണിത്തുടങ്ങും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക. ഇ.വി.എം/വി.വി.പാറ്റ് എന്നിവ സൂക്ഷിക്കാൻ ഇത്തവണ ഏഴു സ്‌ട്രോംഗ് റൂമുകളുമാണുള്ളത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപ ദിവസം നിരത്തിലിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം കൂട്ടുന്ന ദിവസമായി ഫലപ്രഖ്യാപന ദിവസം മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.