ഉത്തർപ്രദേശിലെ മീററ്റിൽ രണ്ടിടങ്ങളിലായി മരിച്ച ഏഴ് കോവിഡ് രോഗികളുടെ മരണ കാരണം ഓക്സിജന് ലഭിക്കാത്തത് മൂലമെന്ന് ഡോക്ടർമാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഏഴ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. മീററ്റ് ആനന്ദ് ആശുപത്രിയിലെ മൂന്ന് പേരും, കെ.എം.സി ആശുപത്രിയിലെ നാല് പേരുമാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ആശുപത്രിയിലേക്ക് ദിനംപ്രതി വേണ്ടത് 400 ഓക്സിജൻ സിലിണ്ടറുകളാണ്. എന്നാൽ ലഭിക്കുന്നത് 90 എണ്ണമാണെന്ന് ആനന്ദ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ സുഭാഷ് യാദവിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ തങ്ങൾക്ക് ഓക്സിജൻ ലഭ്യമായിരുന്നില്ലെന്ന് കെ.എം.സി ആശുപത്രി അധികൃതരും അറിയിച്ചു. ഓക്സിജൻ സംഘടിപ്പിക്കുകയോ, രോഗകിളെ ഡിസ്ചാർജ് ചെയ്യാൻ ആവശ്യപ്പെടുകയോ ആണ് ആശുപത്രികൾ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3200 പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ രണ്ട് ലക്ഷം കവിഞ്ഞു.