India Kerala

കോഴിക്കോട് 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി. ആർ ശരാശരി 25 ശതമാനത്തിനു മുകളിൽ ഉയർന്ന പഞ്ചായത്തുകളാണിവ. കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കും.

കോഴിക്കോട് ഇന്ന് 2341 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2279 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യപാനം കൂടുതലായ എറണാകുളം ജില്ലയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് പഞ്ചായത്തുകളാണ് അടച്ചിടാൻ തീരുമാനമായത്. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അടച്ചിടും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകൾ ഉൾപ്പടെയാണിത്.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏഴു ദിവസത്തേക്കാണ് ലോക്ഡൗൺ നടപ്പാക്കുക.

എറണാകുളത്ത് ഇന്ന് 3212 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 3083 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.