മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനായുളള അന്വേഷണം ഊർജിതം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒരുമാസമാകാറായിട്ടും പിതാവ് സനുമോഹന്റെ തിരോധാനമാണ് പൊലീസിനെ കുഴയ്ക്കുന്നത്. സനുമോഹന്റെ കാർ വാളയാർ കടന്നുപോകുന്ന സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ച് ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചത്. സനുമോഹൻ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഡി.സി.പി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞ ദിവസം സനുമോഹന്റെ ഫ്ലാറ്റിൽ കൂടുതൽ പരിശോധന നടത്തിയിരുന്നു. ഫ്ലാറ്റിലെ സമീപവാസികളുടെ മൊഴി വീണ്ടും ശേഖരിച്ചു. സനുമോഹന് സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
പുനെയിൽ ബിസിനസുകാരനായിരുന്ന സമയത്ത് വലിയ കടബാധ്യതയുണ്ടായിരുന്നതായി ചില സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. സനുമോഹന്റെ കാർ തമിഴ്നാട്ടിലെത്തി പൊളിച്ചുവിറ്റോയെന്ന സംശയവും പൊലീസിനുണ്ട്. എന്തായാലും സനുമോഹനായുളള ലുക്ക് ഔട്ട് നോട്ടീസ് കൂടുതൽ സ്ഥലങ്ങളിലേക്ക് പലഭാഷകളിലായി നൽകിയിട്ടുണ്ട്. രാജ്യം വിട്ടുപോകാതിരിക്കാനുളള ജാഗ്രതാ നിർദേശം വിമാനത്താവളങ്ങളിലും നൽകിക്കഴിഞ്ഞു.