Kerala

തെളിവുകൾ നൽകിയിട്ടു പോലും പൊലീസ് ചെറുവിരലനക്കിയില്ല; മൻസൂർ വധക്കേസിൽ ലീഗ്

കണ്ണൂർ: പാനൂരിലെ കൊലപാതകത്തിൽ പൊലീസ് ചെറുവിരൽ അനക്കിയില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവി. ചില അനിഷ്ട സംഭവങ്ങൾ നടന്നു എന്ന പേരിൽ യുഡിഎഫിന്റെ പ്രവർത്തകരെ പിടിച്ചു കൊണ്ടു പോയി തല്ലിച്ചതച്ച് ചോര വാർന്നിട്ടു പോലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ തയ്യാറാവാത്ത പൊലീസ് കിരാതമായ നടപടിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമാധാനമുണ്ടാക്കാൻ ഞങ്ങൾ പരമാവധി സഹായിക്കും. പക്ഷേ, പൊലീസ് പൊലീസായി പ്രവർത്തിക്കണം. എസ്എസ്എൽസി പരീക്ഷയെഴുതേണ്ട ഒരു കുട്ടിയെ പൊലീസ് ലോക്കപ്പിൽ വച്ചിരിക്കുന്നു. അവന് പരീക്ഷയെഴുതാൻ കഴിയില്ല. എത്ര നിഷ്ഠൂരമായാണ് പൊലീസ് പ്രവർത്തിക്കുന്നത്- അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റു ചെയ്തത് എന്ന് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി പറഞ്ഞു. അനിഷ്ട സംഭവങ്ങളിൽ 13 പേരെ പൊലീസ് പിടിച്ചു. എന്നാൽ കൊലയാളികളുടെ രോമം തൊടാൻ പൊലീസിനായിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങൾ അവിടെ കുത്തിയിരിക്കുന്നത്? പ്രതിയെ പൊലീസ് ഞങ്ങളുടെ പ്രവർത്തകൻ ഏൽപ്പിച്ചതാണ്. പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് പൊലീസ് ചെയ്യുന്നത്. അനിഷ്ട സംഭവങ്ങളെ യുഡിഎഫ് അപലപിക്കുന്നു- സർവകക്ഷി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകവെ പാച്ചേനി പറഞ്ഞു.

മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റു വൈകുന്നതായി നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിനോസ് മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനാണ് ഷനോസിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഒരു പകലും രണ്ടു രാത്രിയും നീണ്ടിട്ടും ഷനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇത് വലിയ തോതിൽ ലീഗ് കേന്ദ്രങ്ങളിൽ അമർഷമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഷിനോസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.

ഇയാളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ 11 പേരുടെ പ്രതിപ്പട്ടിക പൊലീസ് തയ്യാറായിക്കിയിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാണ്. കൺമുമ്പിലുണ്ടായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല എന്ന ആരോപണവും ശക്തമാണ്. പ്രദേശവാസികൾ പറയുന്നത് പ്രകാരം ഇരുപതോളം ആളുകളാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ട് ഘട്ടമായാണ് ആക്രമണം നടന്നത്.