India National

ഗൗതം ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിങ് എം.പി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂഡല്‍ഹി മണ്ഡലത്തിലെ രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. മീനാക്ഷി ലേഖിയെ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

ഗംഭീര്‍ രാഷ്ട്രീയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സോഷ്യല്‍ മീ‍ഡിയയില്‍ പ്രതികരിക്കാറുണ്ടായിരുന്നു. ഇതോടെ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായി. ഈ വര്‍ഷം പത്മശ്രീ പുരസ്കാരം ഗംഭീറിനെ തേടിയെത്തി. 2014ല്‍ അമൃത്‍സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗൗതം ഗംഭീര്‍ സജീവമായിരുന്നു.

എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്നത് സംബന്ധിച്ച് ഗൗതം ഗംഭീര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. കീര്‍തി ആസാദ്, മുഹമ്മദ് അസറുദ്ദീന്‍, നവജ്യോത് സിങ് സിദ്ദു, മുഹമ്മദ് കൈഫ് എന്നിവരുടെ നിരയിലേക്ക് ഗംഭീര്‍ എത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

2014ല്‍ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും വിജയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടി അധികാരത്തിലെത്തി. ഈ സാഹചര്യത്തില്‍ എ.എ.പിയും കോണ്‍ഗ്രസും ബി.ജെ.പിയും ഡല്‍ഹിക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മെയ് 12നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും.