Kerala

തിരുവനന്തപുരം പിടിക്കാന്‍ കടുത്ത പോരാട്ടവുമായി മൂന്ന് മുന്നണികളും

തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം പിടിക്കാന്‍ ശക്തമായ പ്രചരണത്തിലാണ് മുന്നണികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിനെതിരെയുള്ള വോട്ടുകച്ചവട ആരോപണം എല്‍.ഡി.എഫ്. ഒരിക്കല്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്.

അതെല്ലാം ജനങ്ങള്‍ തള്ളി കളഞ്ഞെന്നാണ് ശിവകുമാറിന്‍റെ മറുപടി. താര പദവിയുള്ള സ്ഥാനാര്‍ഥിയിലൂടെ മണ്ഡലം പിടിക്കാമെന്നാണ് ബി.ജെ.പി കണക്ക്കൂട്ടല്‍.

2011ല്‍ രൂപീകൃതമായത് മുതല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ തൃവര്‍ണ്ണ പതാകയാണ് പാറിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു കുറയുകയും നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടു കൂടുകയും ചെയ്യുന്ന പ്രത്യേക ട്രന്‍ഡ്. എതിര്‍ചേരിക്കാര്‍ ബി.ജെ.പിയുമായി വോട്ടുകച്ചവടമെന്ന ആരോപണം സ്ഥിരമായി വി.എസ്. ശിവകുമാറിനുമേല്‍ ചാര്‍ത്തി പ്രചാരണം നടത്തുമ്പോള്‍ അതെല്ലാം തള്ളിക്കളഞ്ഞുള്ള പ്രചരണ തിരക്കിലാണ് അദ്ദേഹം.

എല്‍.ഡി.എഫിനായി ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഏക സീറ്റാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ മത്സരിച്ച ആന്‍റണി രാജു തന്നെയാണ് ഇക്കുറിയും സ്ഥാനാര്‍ഥി. എ പ്ലസ് മണ്ഡലമായി ബി.ജെ.പി കാണുന്ന തിരുവനന്തപുരത്ത് താരപദവിയുമായി നടന്‍ കൃഷ്ണകുമാറാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും വെല്ലുവിളി ഉയര്‍ത്തി. മൂന്ന് കക്ഷികളും ഒരേപോലെ പ്രതീക്ഷ വക്കുന്നതിനാല്‍ തലസ്ഥാന മണ്ഡലത്തില്‍ തീപാറും പോരാട്ടം തന്നെയാകും അരങ്ങേറുക.