Kerala

കൈക്കൂലിക്കേസില്‍ കുമളി പഞ്ചായത്ത് ഓഫീസ് ക്ലര്‍ക്കിന്റെ ജാമ്യാപേക്ഷ തള്ളി വിജിലന്‍സ് കോടതി

കൈക്കൂലി കേസില്‍ ഇടുക്കി കുമളി പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് അജിത് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി.

ഈ മാസം 9നാണ് ഇടുക്കി വിജിലന്‍സ് പൊലീസ് അജിത് കുമാറിനെ പിടികൂടിയത്. കുമളി ചെങ്കര കുരിശുമല പുതവല്‍ വീട്ടില്‍ വിജയ കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രതി അജിത് കുമാറിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത്.

വിജയ കുമാറിന്റെ ഏലത്തോട്ടത്തിലെ പമ്പ് ഹൗസിന് നമ്പര്‍ നല്‍കണമെങ്കില്‍ 15000 രൂപ കൈകൂലി വേണം എന്ന് അജിത് കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിജയ കുമാര്‍ വിജിലന്‍സിനെ വിവരം അറിയിച്ചത്. ഒടുവില്‍ തുക കൈമാറാന്‍ വിജിലന്‍സ് നിര്‍ദേശിച്ചു.

വിജിലന്‍സ് നിര്‍ദേശ പ്രകാരം പരാതിക്കാരന്‍ നല്‍കിയ മഷി പുരട്ടിയ നോട്ടുകള്‍ സ്വീകരിക്കുന്നതിന് ഇടയിലാണ് അജിത് കുമാര്‍ പിടിയിലാകുന്നത്. മാര്‍ച്ച് 24 വരെ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ തുടരണം. സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍.