Kerala

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. പാണക്കാട് ചേരുന്ന മുസ്ലീംലീഗ് നേതൃയോഗമാണ് പട്ടിക തീരുമാനിക്കുക. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും.

യുഡിഎഫില്‍ അധിക സീറ്റില്‍ ധാരണയിലെത്താന്‍ വൈകിയതിനൊപ്പം, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് മുസ്ലീംലീഗ് യോഗം. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ഇത്തവണ 27 സീറ്റുകളില്‍ മുസ്ലീംലീഗ് മത്സരിക്കുമെന്നാണ് ധാരണ. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇന്നു തന്നെ പ്രഖ്യാപനമുണ്ടാകും. അനിശ്ചിതത്വം തുടര്‍ന്നാല്‍ നാളേക്ക് മാറ്റും.

എറണാകുളം ജില്ലയിലെ ഏക മുസ്ലീംലീഗ് സീറ്റായ കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകനും എറണാകുളം ലീഗ് സെക്രട്ടറിയുമായ അബ്ദുള്‍ ഗഫൂറാണ് പരിഗണനയില്‍. ഇതിനെതിരെ വിഭാഗീയ സ്വരങ്ങളുമുണ്ട്. അഴിക്കോട് എംഎല്‍എയായ കെ.എം. ഷാജിയെ ഷാജിയെ പെരിന്തല്‍മണ്ണയിലാണ് പരിഗണിക്കുന്നത്. വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും മത്സരിക്കും. കൊടുവള്ളിയില്‍ മല്‍സരിക്കാന്‍ എം.കെ. മുനീര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാനം കോഴിക്കോട് സൗത്തില്‍ തന്നെ മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ട്.

കൊണ്ടോട്ടി, വള്ളിക്കുന്ന്, കോട്ടക്കല്‍, ഏറനാട് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും. യുവാക്കളില്‍ ആരെ പരിഗണക്കണമെന്നതിലും വനിതാ പ്രാതിനിധ്യ വിഷയത്തിലും അധിക സീറ്റുകളിലും ലീഗില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതില്‍ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.