സൗദിയിൽ ഹജ്ജ് ഉംറ സേവന മേഖലകളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ഹജ്ജ് ഉംറ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഈ ആനൂകൂല്യം ലഭിക്കുക.
കോവിഡ് മാഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകൾ.കോവിഡ് മഹാമാരിമൂലം കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഹജ്ജ് ഉംറ സേവന മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിക്ഷേപകർക്കും ആശ്വാസമേകുന്ന ഇളവുകളാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക താത്പര്യ പ്രകാരം പ്രഖ്യാപിച്ചത്.
ഹജ്ജ് ഉംറ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവിയിൽ ആറ് മാസത്തേക്ക് ഇളവനുവദിച്ചു.മാത്രവുമല്ല തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ഫീസ് ഈടാക്കുന്നത് ആറ് മാസത്തേക്ക് നീട്ടിവെക്കുകയും ചെയ്തു. കൂടാതെ ഒരു വർഷത്തെ കാലാവധിയിൽ ഇഖാമ ഫീസ് തവണകളായി അടക്കുന്നതിനും സൗകര്യമൊരുക്കും. മക്ക, മദീന നഗരങ്ങളിൽ തീർത്ഥാടകർക്ക് താമസ സൗകര്യമൊരുക്കുന്ന ഹോട്ടലുകളും സമാന സ്ഥാപനങ്ങളും ഒരു വർഷത്തേക്ക് നഗരസഭാ ഫീസ് അടക്കേണ്ടതില്ല.
കൂടാതെ ഇത്തരം സ്ഥാപനങ്ങൾക്ക് ടൂറിസം മന്ത്രാലയ ലൈസൻസ് പുതുക്കുന്നതിനുളള ഫീസും ഒരു വർഷത്തേക്ക് സൗജന്യമാക്കി. തീർത്ഥാടകർക്ക് യാത്രാ സൗകര്യമൊരുക്കുന്ന ബസുകളുടെ രജിസ്‌ട്രേഷൻ സൗജന്യമായി ഒരു വർഷത്തേക്ക് പുതുക്കി നൽകും. വരാനിരിക്കുന്ന ഹജ്ജിന് ഉപയോഗിക്കുവാനായി ഇറക്കുമതി ചെയ്യുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് ഈടാക്കില്ല. ഇത് പിന്നീട് നാല് മാസത്തിനകം തവണകളായി അടച്ചാൽ മതിയാകുന്നതാണ്.