Kerala

കായംകുളം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; എം.ലിജു സ്ഥാനാർഥിയായേക്കും

കായംകുളം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. സിറ്റിംഗ് എം.എല്‍.എ യു.പ്രതിഭക്കെതിരെ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പ് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ പ്രതിഭയോട് പരാജയപ്പെട്ട എം.ലിജു വീണ്ടും സ്ഥാനാർഥിയായേക്കും.

2001ല്‍ ജി. സുധാകരനെ പരാജയപ്പെടുത്തിയ എം.എം ഹസനാണ് കായംകുളത്ത് നിന്നും അവസാനമായി ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം സി.പി.എമ്മിനൊപ്പം. രണ്ടുതവണ തുടര്‍ച്ചയായി സി.കെ സദാശിവന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തവണ ലിജുവിനെ തോല്‍പ്പിച്ച് യു. പ്രതിഭയാണ് ജയിച്ചത്. എന്നാല്‍ കായംകുളം സി.പി.എമ്മിലെ ഒരു വിഭാഗം പ്രതിഭക്കെതിരാണ്. എതിര്‍പ്പ് പരസ്യമായ പോരിലേക്കുവരെ എത്തിയിരുന്നു.

ഇത്തവണ പ്രതിഭയെ മാറ്റി ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എച്ച് ബാബുജാനെ മത്സരിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പക്ഷേ പ്രതിഭക്ക് തന്നെയാണ് സാധ്യത. ഈ സാഹചര്യത്തില്‍ ലിജുവിനെ ഒരിക്കല്‍ക്കൂടി മത്സരിപ്പിച്ച് കായംകുളം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍ സംഘടനാപ്രശ്നങ്ങളാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന തലവേദന. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിമതശല്യം നേരിട്ടതും കായംകുളത്തു തന്നെ. പ്രശ്നങ്ങള്‍ പരിഹരിച്ച് മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് സി.പി.എമ്മും വിലയിരുത്തുന്നു.