യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണവാക്യം പ്രകാശനം ചെയ്തു. ‘നാടു നന്നാകാൻ യു.ഡി.എഫ്’ എന്നാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഐശ്വര്യ കേരളത്തിനായ് യു.ഡി.എഫിന് വോട്ട് ചെയ്യാം എന്നാണ് അഭ്യർഥനയെന്നും സർക്കാറിന്‍റെ അഴിമതി കെടുകാര്യസ്ഥത എല്ലാം പ്രചാരണ വിഷയമാക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നതാണ് യു.ഡി.എഫ് പ്രകടനപത്രികയുടെ തലക്കെട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തത് നല്ല സൂചനയല്ലെന്നും സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ ഭാഗമാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വികസനം അട്ടിമറിക്കാൻ ഇ.ഡി വന്നു എന്ന് പ്രചരിപ്പിച്ച് കബളിപ്പിക്കാനുള്ള ശ്രമമാണ്. യു.ഡി.എഫ് പ്രശ്നം ഉന്നയിച്ചപ്പോൾ കേസെടുക്കാൻ തയാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശ്രീ എമ്മിന് സര്‍ക്കാര്‍ ഭൂമി കൊടുത്തത് നിഗൂഡതകൾ നിറഞ്ഞതാണെന്നും ആര്‍.എസ്.എസ്-സി.പി.ഐ.എം ബന്ധം ശരിവക്കുന്ന കാഴ്ചയാണിതെന്നും ചെന്നിത്തല ആരോപിച്ചു. ഇത് എന്ത് ബന്ധമാണെന്ന് മുഖ്യമന്ത്രി പറയണം. ഉപകാരസ്മരണയാണ് ഭൂമി കൈമാറ്റമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ഇന്ന് നടന്ന കോൺഗ്രസ്-ജോസഫ് വിഭാഗം സീറ്റുവിഭജന ചർച്ചയില്‍ ധാരണയായില്ല. ജോസഫിന് കോട്ടയം ജില്ലയിൽ അധിക സീറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസുള്ളത്. ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പേരാമ്പ്രയും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര എടുക്കുകയാണെങ്കിൽ പകരം തിരുവമ്പാടി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.