Kerala

അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഞാന്‍ കരുതുന്നത് ആ തീരുമാനം തെറ്റായിരുന്നു എന്നാണ്. തികച്ചും തെറ്റായ തീരുമാനം. എന്‍റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് അനുവദിക്കുന്നില്ല.

രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975ലാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ 21 മാസം അത് നീണ്ടു. അക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട ബിജെപി നേതാക്കള്‍‌ കോണ്‍ഗ്രസിനെതിരായ വിമര്‍ശനമായി അടിയന്തരാവസ്ഥയെ എപ്പോഴും ഉയര്‍ത്തിക്കാട്ടാറുണ്ട്. ബിജെപി ഭരണ കാലത്ത് ആവിഷ്കാര സ്വതന്ത്ര്യവും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടുപ്പോഴാണ് ബിജെപി നേതാക്കള്‍ അടിയന്തരാവസ്ഥ പരാമര്‍ശിക്കാറുള്ളത്. അമിത് ഷാ ഒരിക്കല്‍ പറഞ്ഞത് ഒരു കുടുംബം അധികാര മോഹത്താല്‍ രാജ്യത്തെയാകെ ഒറ്റ രാത്രി കൊണ്ട് ജയിലില്‍ അടച്ചു എന്നാണ്.

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളില്‍ തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചപ്പോള്‍ മാധ്യമങ്ങള്‍ വേട്ടയാടി. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ തനിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും രാഹുല്‍ വിശദീകരിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന 23 നേതാക്കള്‍ പാര്‍ട്ടിയില്‍ സമൂല അഴിച്ചുപണിയും സ്ഥിരം നേതൃത്വവും പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പും വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുമ്പോഴാണ് രാഹുലിന്‍റെ ഈ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.