Kerala

എക്‌സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്രം; ഇന്ധന വില കുറയും

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതോടെ എക്‌സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയിൽ കുറവ് വരുത്താനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളുമായി കേന്ദ്രം ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയതായും ധനകാര്യ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ പത്തു മാസമായി ഇരട്ടിയായതാണ് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചത്. എന്നാൽ ചില്ലറ മേഖലയിൽ വിൽക്കുന്ന പെട്രോളിനും ഡീസലിനും അറുപത് ശതമാനത്തിലേറെ നികുതിയാണ് ചുമത്തുന്നത്. 12 മാസത്തിനിടെ മാത്രം രണ്ടു തവണയാണ് കേന്ദ്രസർക്കാർ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വർധിപ്പിച്ചിരുന്നത്.

ചില സംസ്ഥാനങ്ങൾ, എണ്ണക്കമ്പനികൾ, എണ്ണ മന്ത്രാലയം എന്നിവയുമായി ധനമന്ത്രാലയം കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് മധ്യത്തോടെ നികുതിയിളവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. എന്നാൽ ഇന്ധനത്തിന്റെ നികുതി ഘടനയിൽ മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ, എന്നാണ് ഇന്ധന നികുതി കുറയ്ക്കാൻ കഴിയുക എന്ന് പറയാൻ കഴിയില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചയ്ക്ക് സന്നദ്ധമാണ് എന്നും അവർ അറിയിച്ചിരുന്നു. എന്നാൽ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മണികൺട്രോൾ അയച്ച ഇ-മെയിലുകളോട് പ്രതികരിക്കാൻ സർക്കാർ തയ്യാറായില്ല.

തുടർച്ചയായ ഇന്ധന വിലവർധനയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് രാജ്യത്തുയരുന്നത്. അതേസമയം, 2020 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ 5.56 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയിൽ നിന്ന് കേന്ദ്രസർക്കാറിന് ലഭിച്ചത്.

അന്ന് 9.48 ഇന്ന് 32.98 രൂപ

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് മാത്രം പെട്രോള്‍ നികുതി 32.98 രൂപയിലേക്ക് കുതിച്ചു കയറി. ഡീസല്‍ 31.83 രൂപയും. രാജ്യത്തിന്റെ പലയിടങ്ങളിലും പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് എക്‌സൈസ് നികുതി കുറയ്ക്കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്.