India

‘വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ’; വൈറലായി മോദിയുടെ പഴയ ട്വീറ്റ്

പാചകവാതക സിലിണ്ടറിന്‍റെ വില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ്​ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു​. യു.പി.എ ഭരണ കാലത്ത്​ ഗ്യാസ് സിലിണ്ടറിന്​ വില കൂട്ടിയപ്പോഴുള്ള മോദിയുടെ പ്രതികരണമാണ്​ ട്വിറ്റര്‍ ഉപയോക്താക്കള്‍ കുത്തിപ്പൊക്കിയത്​.

‘നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കൂ.. അതും അവർ തട്ടിപ്പറിച്ചെടുക്കുകയാണ്’ എന്നായിരുന്നു നരേന്ദ്ര മോദി ​ ഇൻ എന്ന ​ട്വിറ്റർ അക്കൌണ്ടിലെ ട്വീറ്റ്​. 2013 നവംബർ 23നായിരുന്നു ട്വീറ്റ്​. ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ അന്ന് കയ്യടി നേടിയിരുന്നു. മോദി സര്‍ക്കാരിന്‍റെ കാലത്ത് ഗ്യാസ് സിലിണ്ടറിന്‍റെ വില അടിക്കടി കൂടുന്ന സാഹചര്യത്തിലാണ് ഈ ട്വീറ്റ് പിന്നെയും വൈറലാകുന്നത്.

25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് വില 826 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചയും 25 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 രൂപയാണ് വർധിപ്പിച്ചത്. 2019 ജൂണിൽ സബ്​സിഡിയുള്ള എൽ.പി.ജി സിലിണ്ടറി​ന്‍റെ വില 497 രൂപയായിരുന്നു​.

വാണിജ്യ സിലിണ്ടറിനും അമിത നിരക്കിലാണ്​ വില ഉയരുന്നത്​. 19 കി​ലോ സി​ലി​ണ്ട​റി​ന്​ 100 രൂപയാണ്​ ഇന്ന്​ വർധിപ്പിച്ചത്​. 1618 രൂപയാണ്​ വാണിജ്യ സിലിണ്ടറിന്‍റെ വില. ഫെബ്രുവരി ഒന്നിന്​ 191 രൂ​പ​യും ​ ജ​നു​വ​രി ആ​ദ്യം 17 രൂ​പയും വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡി​സം​ബ​റി​ലും ര​ണ്ട്​ ത​വ​ണ വാ​ണി​ജ്യ സി​ലി​ണ്ട​റിന്‍റെ വി​ല കൂ​ട്ടി​യി​രു​ന്നു.

സാധാരണക്കാരുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഗ്യാസ് വില ഉയരുന്നത്. പെട്രോൾ, ഡീസൽ വിലയ്‌ക്കൊപ്പം പാചക വാതകത്തിനും വില കുതിച്ചുയരുന്നതോടെ ജനജീവിതം ദുസ്സഹമാവുകയാണ്.