International

മ്യാന്മറിൽ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത്​ പൊലീസ്: 18 പേർ മരിച്ചു, നിരവധി പേർക്ക്​ പരിക്ക്

മ്യാന്മറിലെ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത്​ പൊലീസ്​. വെടിവെപ്പിൽ 18 പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി പേരെ അറസ്​റ്റ്​ ചെയ്​തിട്ടുമുണ്ട്​. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ്​ പൊലീസ്​ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തത്​. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു പട്ടാളത്തിന്റെ വെടിവെപ്പെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി.

ഞായറാഴ്​ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട തെരുവായ ഹ്‍ലെദാനില്‍ ഇവര്‍ പ്രതിഷേധസൂചകമായി തടിച്ചുകൂടി. പിന്നാലെ സൈന്യം ബലംപ്രയോഗിച്ച് നീക്കാന്‍ ആരംഭിച്ചു.

തുടർന്ന്​ നൂറുകണക്കിനാളുകൾ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാസേനക്കെതിരെ തിരിഞ്ഞ പ്രക്ഷോഭകര്‍ പൊലീസിനെ തടയാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. പതിയെ പ്രക്ഷോഭം മറ്റു പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.