ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റായി. സി.പി.എം സ്ഥാനാര്‍ഥികളെ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പ്രഖ്യാപിച്ചു. ആറ് സിറ്റിങ് എം.പിമാരും നാല് എം.എല്‍.എമാരുമാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത് . പി.കെ ശ്രീമതിയും വീണാ ജോര്‍ജുമാണ് വനിത സ്ഥാനാര്‍ഥികള്‍. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും പാര്‍ലമെന്റില്‍ ഇടത്പക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എം.എല്‍.എമാരും ജില്ലാ സെക്രട്ടറി സ്ഥാനത്തുള്ളവരും ഇതിന് മുന്‍പും മത്സരിച്ചിട്ടുണ്ട്. പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംഘടനാ രംഗത്ത് ആവശ്യമുള്ളതിനാലാണ് പി.കരുണാകരനെ ഒഴിവാക്കിയതെന്നും കോടിയരി പറഞ്ഞു. സി.പി.ഐ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കാസര്‍കോട് കെ.പി സതീഷ് ചന്ദ്രനും കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ പി.ജയരാജനും മത്സരിക്കും. കോഴിക്കോട് എ.പ്രദീപ് കുമാറും മലപ്പുറത്ത് വി.പി സാനുവും പാലക്കാട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും രംഗത്തിറങ്ങും. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനേയും ചാലക്കുടിയില്‍ ഇന്നസെന്റിനെയും കോട്ടയത്ത് വി.എന്‍ വാസവനേയും എറണാകുളത്ത് പി.രാജീവിനെയും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെ പരീക്ഷിക്കുമ്പോള്‍ ആലപ്പുഴ മണ്ഡലം തിരിച്ച് പിടിക്കാന്‍ എ.എം ആരിഫിനാണ് സി.പി.എം ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്ത് കെ.എന്‍ ബാലഗോപാലും ആറ്റിങ്ങല്‍ എ.സമ്പത്തും പോരിനിറങ്ങും. വയനാട് പി.പി സുനീറും മത്സരിക്കും.
മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും ജനവിധി തേടും. തിരുവനന്തപുരത്ത് സി.ദിവാകരനും തൃശൂര്‍ മണ്ഡലത്തില്‍ രാജാജി മാത്യു തോമസും മത്സരിക്കും.