ആലപ്പുഴയിൽ ജ്വല്ലറിയിലും ക്ഷേത്രത്തിലും മോഷണം. കരുവാറ്റയിൽ ജ്വല്ലറി കുത്തിതുറന്ന് 25 പവനിലധികം സ്വർണം കവർന്നു. ചന്തിരൂർ കുമർത്തുപടിയിലെ ക്ഷേത്രത്തിൽ നിന്ന് പതിനായിരം രൂപയാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണ്ണിന് ലഭിച്ചു. ദേശീയപാതക്കരികിലെ ബ്രദേഴ്സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് മോഷണം. ഉടമയുടെ ഫോണില്‍ സിസിടിവി അലാറം അടിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ തന്നെ ഉടമ സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷട്ടര്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. ജ്വല്ലറിയില്‍ നിന്ന് അഞ്ചുമാലയാണ് മോഷ്ടിച്ചത്. അത് ഏകദേശം 25 പവന് തൂക്കം വരുമെന്നാണ് ഉടമ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളത് ഒരു യുവാവാണ്. ജാക്കറ്റ് ധരിച്ചാണ് യുവാവ് ജ്വല്ലറിക്കുള്ളിലേക്ക് കടന്നിട്ടുള്ളത്. യുവാവ് അകത്തുകയറുന്നതും മാലയെടുത്ത് കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിൽ ജനൽ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഓഫീസിൽ നിന്ന് പതിനായിരം രൂപ നഷ്ടപ്പെട്ടു. അരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.