Kerala

കെ. പത്മകുമാര്‍ വീണ്ടും റിയാബ് മെമ്പർ സെക്രട്ടറി

കെ. പത്മകുമാറിനെ വീണ്ടും റിയാബ് മെമ്പർ സെക്രട്ടറിയാക്കി നിയമിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി. മലബാർ സിമന്‍റ്സ് അഴിമതി കേസിൽ റിയാബ് മെമ്പർ സെക്രട്ടറിയായിരിക്കെ പത്മകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസിൽ ജയിൽവാസം അനുഭവിച്ച വ്യക്തിയെയാണ് റിയാബിന്‍റെ തലപ്പത്ത് വീണ്ടും നിയമിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഡിറ്റും, മേൽനോട്ടവുമാണ് റിയാബിന്‍റെ ചുമതല.

മലബാര്‍ സിമന്‍റ്സിലെ നാല് അഴിമതി കേസുകളില്‍ പ്രതിയാണ് കെ. പത്മകുമാര്‍. ഈ കേസുകളെല്ലാം ഇപ്പോള്‍ നിലനില്‍ക്കുന്നതുമാണ്. നേരത്തെ വിദേശത്ത് നിന്നും കുടുതല്‍ പണം നല്‍കി ചേര്‍ത്തല പ്ലാന്‍റിലേക്കെന്ന പേരില്‍ ക്ലിങ്കര്‍ ഇറക്കുമതി ചെയ്ത്, പിന്നീടത് വാളയാറിലെ മലബാര്‍ സിമന്‍റ്സില്‍ കൊണ്ടുവന്ന് സിമന്‍റ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. അറസ്റ്റ് നടക്കുമ്പോള്‍ കെ. പത്മകുമാര്‍ റിയാബിന്‍റെ സെക്രട്ടറിയായിരുന്നു. വിവാദമുയര്‍ന്നപ്പോഴാണ് അദ്ദേഹത്തെ ഒഴിവാക്കുന്നത്. നാലുമാസത്തോളം കേസില്‍ അദ്ദേഹം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

വീണ്ടും കെ പത്മകുമാര്‍ തന്നെ റിയാബിന്‍റെ സെക്രട്ടറിയായി വരുന്നത് മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട അഴിമതി കേസുകള്‍ പോലും അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഉയരുന്നത്.