Health Kerala

ഉഴമലക്കലിലെ വാക്സിന്‍ വിതരണം മുന്‍ഗണനാക്രമം അട്ടിമറിച്ച്; എത്ര പേർക്ക് വാക്സിൻ നൽകിയെന്നതിനും കണക്കില്ല

തിരുവനന്തപുരത്ത് കോവിഡ് വാക്സിനേഷന്‍ മുന്‍ഗണന ക്രമം അട്ടിമറിച്ചു. ഉഴമലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചട്ടവിരുദ്ധമായി വാക്സിന്‍ നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം തേടി.

കൊവിന്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ 37 കേന്ദ്രങ്ങളിലായി 1398 പേര്‍ക്ക് വാക്സിന്‍ നല്കി. എന്നാല്‍ ഉഴമലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം വാക്സിനേഷന്‍ കേന്ദ്രമായിരുന്നില്ല. ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത കോവിഡ് മുന്നണി പോരാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഉഴമലക്കലില്‍ സൂക്ഷിച്ച വാക്സിനാണ് ചട്ടവിരുദ്ധമായി കുത്തിവെച്ചത്.

വാക്സിനെടുത്തത് എത്രപേര്‍ക്കെന്നോ ഇവരില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഉണ്ടോയെന്നത് സംബന്ധിച്ചും ആരോഗ്യവകുപ്പിന് വ്യക്തതയില്ല. സംഭവത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് ജില്ലാ ആരോഗ്യവകുപ്പ്പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉഴമലക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറോട് ഡി.എം.ഒ വിശദീകരണം തേടി. വിശദമായ അന്വേഷണത്തിന് ശേഷം ആരോഗ്യവകുപ്പ് തുടര്‍ നടപടികളെടുക്കും.