Cricket Sports

ഒരു ദിനവും ഒന്‍പത് വിക്കറ്റും ബാക്കി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം 420 റണ്‍സ്

നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിജയലക്ഷ്യമായ 420 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യ നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍. ഒരു ദിനവും ഒന്‍പത് വിക്കറ്റും ശേഷിക്കേ ഇന്ത്യക്ക് 381 റണ്‍സാണ് വേണ്ടത്. നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. ജാക്ക് ലീച്ചിന്‍റെ പന്തില്‍ രോഹിത് ബൌള്‍ഡ് ആകുകയായിരുന്നു. കളിയവസാനിക്കുമ്പോള്‍ 15 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 12 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

നേരത്തെ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍റെ മികവില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 178 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. 32 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. മറുപക്ഷത്ത് ഫോളോ ഓണ്‍ ബാധ്യത പോലും ഒഴിവാക്കാനാകാതെയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്തായത്. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരമുണ്ടായിട്ടും 241 റണ്‍സിന്‍റെ ലീഡ് നേടിയ ഇംഗ്ലണ്ട് വീണ്ടും ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി 138 പന്തില്‍ നിന്ന് രണ്ടു സിക്‌സും 12 ഫോറുമടക്കം 85 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു. ആറിന് 257 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് രംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ 305-ല്‍ എത്തിയപ്പോള്‍ അശ്വിനെ നഷ്ടമായി. 91 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.

നാലു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.