Football Sports

ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ ഇനിയെന്ത്?

കേരള ബ്ലാസ്റ്റേഴ്സ് വിജയങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഒരു പക്ഷെ ഏറ്റവും നന്നായി പന്ത് തട്ടിയ സീസണ്‍ ആണിത്.

മൂന്ന് ഗോളിന് പരാജയപ്പെട്ടെങ്കിലും താരതമ്യേന മികച്ച പ്രകടനം കാഴ്ച വെക്കാനായതിന്‍റെ ആത്മവിശ്വാസം വെമ്പി നിന്ന ശരീരഭാഷയുമായി ഗോവ ബാംബൊലിന്‍ സ്റ്റേഡിയത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി FC യുമായി രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടു. ഇരു ടീമുകളും അവരവരുടെ വ്യവസ്ഥാപിതമായ ശൈലിയില്‍ കളിച്ച ആദ്യപകുതിയില്‍ കളിയുടെ ഗതിക്കനുകൂലമായി ലഭിച്ച സഹലിന്‍റെ കോര്‍ണറില്‍ തല വെച്ച് വിചെന്‍റെ ഗോമസ് 27ാം മിനുട്ടില്‍ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലേ ബിപിന്‍ സിങും, 67ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ലെ ഫോന്‍ട്രേയും മുംബൈ സിറ്റി FCക്ക് വേണ്ടിയും ഗോള്‍ വേട്ടക്കായരായി. ഈ വിജയത്തോടെ 33 പോയന്‍റുമായി മുംബൈ പട്ടികയിലെ പ്രഥമസ്ഥാനം അരക്കിട്ടുറപ്പിച്ചു. 15 പോയന്‍റോടെ ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

കളിയുടെ തുടക്കത്തില്‍ തന്നെ സഹല്‍ അബ്ദുല്‍ സമദും പ്രശാന്തും ചേര്‍ന്ന് വലത് വിങിലൂടെ നടത്തിയ കോര്‍ണര്‍ നേടിയ നീക്കം, പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ എങ്ങനെയും മല്‍സരഫലം തങ്ങളുടേതാക്കുക എന്ന ആത്യന്തിക പ്രചോദനം വെളിവാക്കുന്നതായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ അതിസുന്ദര ഗോള്‍ നേടിയ ഹൂപ്പറിന് പകരം 4-2-3-1ല്‍ തുടങ്ങി 4-4-1-1ലേക്കൊക്കെ ആകാരപ്പെടുന്ന രൂപഘടനയില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് മറേ- സഹല്‍ കൂട്ടുകെട്ടിനെ കോച്ച് കിബു വികൂന ഇന്നലെ പരീക്ഷിച്ചത് ഒരു കൗതുകകരമായ തന്ത്രമാറ്റമായി. സ്വതവേ കളത്തില്‍ കുറിയ കൊടുക്കല്‍ വാങ്ങലുകളിലൂടെ കളി മെനയുന്ന മുംബൈക്കെതിരെ വിങ്ങുകളിലൂടെ ആക്രമിക്കുക എന്ന തന്ത്രമാവണം ഹൂപ്പറിന് പകരം പ്രശാന്ത് മോഹനെ കളത്തിലെത്തിച്ചത്. മറുഭാഗത്ത് മുംബൈ സിറ്റി അവരുടെ കളിവിന്യാസവ്യവസ്ഥയെ ചഞ്ചലപ്പെടുത്താനുള്ള പഴുതുകള്‍ ബ്ലാസ്റ്റേഴ്സിനധികം നല്‍കിയില്ല. അഹ്മദ് ജാഹു ഇല്ലെങ്കിലും

പ്രതിരോധമധ്യനിരക്കാരായ റെയ്നിയര്‍ ഫെര്‍ണാണ്ടസും, റൗളിങ് ബോര്‍ഗെസും കൃത്യമായ ഇടപെടലുകളിലൂടെ പന്ത് പിടിച്ചെടുത്ത് നീക്കങ്ങള്‍ക്ക് തുടക്കം നല്‍കുകയും ചെയ്തു, വിശിഷ്യാ റെയ്ന്യര്‍ ഫെര്‍ണാണ്ടസ് ഈ സീസണില്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച മല്‍സരമായിരിക്കും ഇത്. അദ്ദേഹവും ബിപിന്‍ സിങും ബൗമസും ലെ ഫോന്‍ട്രേയും നിരന്തരം വേഗമേറിയ നീക്കങ്ങള്‍ നടത്തി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലേറ്റിക്കൊണ്ടേയിരുന്നു.

മറുഭാഗത്ത് വിചെന്‍റെ ഗോമസിന്‍റെ നേതൃത്വത്തില്‍ യുവാന്‍റെയും, രാഹുലും പ്രശാന്തും സഹലും വശങ്ങളിലൂടെ ഏകാങ്കസ്ട്രൈക്കര്‍ ആയ മറേയെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നത് പലപ്പോഴും ഗോളവസരങ്ങളെ തുറന്ന് കൊണ്ടേയിരുന്നു . മുംബൈ സിറ്റി ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങിന്‍റെ കട്ടക്ക് നിന്ന രക്ഷപ്പെടുത്തലുകളാണ് രണ്ട് മൂന്ന് തവണ അവരുടെ രക്ഷക്കെത്തിയത്.

പ്രതീക്ഷയുണര്‍ത്തുന്ന സഹല്‍

ഹൂപ്പറിന്‍റെ അഭാവത്തില്‍ സ്ട്രൈക്കറുടെ തൊട്ടുപിറകിലെ സ്ഥാനത്തേക്ക് കയറ്റം ലഭിച്ച സഹല്‍ തന്‍റെ പ്രയത്നനിരക്ക് വീണ്ടും തെളിയിച്ചു. മധ്യഭാഗത്തും, വശങ്ങളിലേക്ക് മാറിയും പ്രതിരോധമേഖലയില്‍ നിന്ന് എല്ലായ്പ്പോഴും പന്തുകള്‍ വാങ്ങുന്നതിലും ചില ദ്രുതചലനങ്ങളിലൂടെ എതിര്‍ നിരയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും സെറ്റ് പീസുകള്‍ നേടാനും അദ്ദേഹത്തിന് പലപ്പോഴും കഴിഞ്ഞു. എന്നിരുന്നാലും എല്ലാ മല്‍സരങ്ങളിലും കാണാറുള്ള ആക്രമണമേഖലയില്‍ കൃത്യമായ തീരുമാനമെടുക്കാനുള്ള വേഗക്കുറവും, സഹകളിക്കാരെ കണ്ടെത്താനാവത്തതും ഇന്നലെയും വെളിവായി. ISL നിലവാരത്തിലും ആധുനികഫുട്ബോളിലും ഏറ്റവും ക്രയശേഷി ആവശ്യപ്പെടുന്ന ‘ആക്രമണമധ്യനിരക്കാരന്‍’ എന്ന സ്ഥാനത്ത് വാഴ്ത്തപ്പെടാന്‍ ഇനിയും ഒരു പാട് ദൂരം അയാള്‍ സഞ്ചരിക്കാനുണ്ട്. ഒരു പക്ഷെ തന്‍റെ ഡ്രിബ്ലിങ് കഴിവിലും, വേഗതയിലും , പന്തിനെ എതിരാളികളില്‍ നിന്ന് തട്ടിയെടുക്കാനുള്ള മികവിലും മികച്ച യുവ ഇന്ത്യന്‍ മധ്യനിരതാരം എന്ന് വിശേഷിപ്പിക്കാമെങ്കിലും. സിഡോഞ്ചയുടെയും ഫക്കുണ്ടോ പെരേരയുടെയും അഭാവവും ISLലെ വിദേശതാരങ്ങളുടെ ‘3+1’ നിയമാവലികളും കോച്ചിനെ സഹല്‍ എന്ന തെരെഞ്ഞെടുപ്പിലേക്കെത്തിക്കുന്നതുമാവാം. എതിര്‍ബോക്സിന് മുമ്പിലെ സമ്മര്‍ദ്ദങ്ങളെ എത്രയും വേഗം അതിജീവിച്ച് , തികഞ്ഞ ആത്മവിശ്വാസത്തോടെ എതിര്‍പ്രതിരോധത്തിലെ പഴുതുകള്‍ കണ്ടെത്താനായാല്‍ സഹല്‍ ഇന്ത്യന്‍ ഫുട്ബോളിന് തന്നെ മുതല്‍ക്കൂട്ടാവും.

മെച്ചപ്പെടേണ്ട രാഹുൽ, മിനിമം ഗ്യാരണ്ടി പ്രശാന്ത്‌

കോച്ച് വികൂനയുടെ പദ്ധതികള്‍ക്കനുസൃതമായി വിങറായും സ്ട്രൈക്കറായും പാര്‍ശ്വങ്ങളിലൂടെ ആക്രമിക്കുന്ന കളിപദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുകയും ചെയ്യുന്ന, ഇതുവരെ 3 ഗോള്‍ നേടുകയും ചെയ്ത താരമാണ് രാഹുല്‍ കെ.പി. ഇന്നലെ തന്‍റെ ഭാഗധേയം നന്നായി അടയാളപ്പെടുത്തിയ പ്രകടനമായിരുന്നു രാഹുലിന്‍റേത്. എങ്കിലും രാഹുലിന്‍റെ വേഗതയെ തടയാനും , സ്വതസിദ്ധമായ കളിയെ അനുവദിക്കാതിരിക്കാനും മുംബൈ സിറ്റിക്ക് ഒരു പരിധി വരെ കഴിഞ്ഞു. മൈതാനത്ത് സഹതാരങ്ങളുമായുള്ള രസതന്ത്രത്തില്‍ ഇനിയും മൂര്‍ച്ഛ കൂട്ടുകയും, പലപ്പോഴും പന്ത് നഷ്ടപ്പെടുമ്പോള്‍ മനോനില ചഞ്ചലമാവുന്നതും തദ്വാരാ യുക്തിഭദ്രമായ ഫുട്ബോളിന് പകരം അമിതമായി ശാരീരികഫുട്ബോളിന് ശ്രമിച്ച് കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതും മാറ്റി നിര്‍ത്തിയാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ മാത്രമല്ല ദേശീയടീമിന്‍റെയും താക്കോല്‍ പദ്ധതികളില്‍ രാഹുല്‍ ഉണ്ടാവും എന്ന് കരുതുന്നു.

പ്രശാന്ത് മോഹന്‍ കോച്ചസിന്‍റെ അടിസ്ഥാന ആവശ്യകതകള്‍ നിവര്‍ത്തിച്ച് നല്‍കുന്ന താരമാണ്. കാഴ്ചക്കാര്‍ എത്ര ആക്ഷേപിച്ചാലും, ഒരു മാന്ത്രികനീക്കം അയാള്‍ നടത്തില്ലെന്ന് അറിയാമെങ്കിലും പിഴവുകളേതൊരു താരത്തെ പോലെ അയാള്‍ക്കുമുണ്ടെങ്കിലും , അപകടകരമായ നീക്കങ്ങളോ പാസുകളോ അയാള്‍ നടത്തുന്നില്ലെങ്കിലും എല്ലാ ബ്ലാസ്റ്റേഴ്സ് കോച്ചസും അയാളെ വിശ്വസിക്കുന്നു. അയാള്‍ ISL നിലവാരത്തില്‍ പന്ത് കളിക്കുന്നില്ലെന്നതൊക്കെ നമ്മുടെ മാത്രം വിമര്‍ശനങ്ങളാണ്.

പ്രതിരോധം എന്ന പ്രശ്നബാധിത മേഖല

ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് വന്നാല്‍ , മുന്‍കാലങ്ങളില്‍ ഏറെ പഴികേട്ടതില്‍ നിന്ന് അധികമൊന്നും മുന്നോട്ട് പോയിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍, വിശിഷ്യാ ISLല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമെന്ന കണക്ക് പരിശോധിക്കുമ്പോള്‍. കോസ്റ്റ നമോനീസുവും ബകാരി കോനെയും സന്ദീപ് സിങും ജെസ്സലും ദെനചന്ദ്ര മീതേയിയും ഇടക്ക് വെച്ച് സ്ഥാനമാറ്റം കിട്ടിയെത്തിയ ജീക്സണ്‍ സിങും ഹക്കുവും നിരന്ന പ്രതിരോധം പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നിട്ടില്ല.. സെന്‍റര്‍ബാക് സ്ഥാനത്ത് കോസ്റ്റ – കോനെ/ജീക്സണ്‍ കൂട്ടുകെട്ടില്‍ സംഭവിക്കുന്ന ചില പിഴവുകളാണ് ഗോളുകളിലേക്കെത്തുന്നത്. റഫറീയിങ് പിഴവിനെ പഴിചാരി മിക്ക മാച്ചുകളിലെയും പെനാല്‍റ്റി ക്ഷതങ്ങളെ മാറ്റിനിര്‍ത്തിയാലും, മികച്ച ആക്രമണനിരയുള്ള ടീമുകള്‍ക്കെതിരെ വിള്ളലുകള്‍ സൃഷ്ടിക്കപ്പെടുന്നത് കോച്ചിന് തലവേദന തന്നെയാണ്. ഏരിയല്‍ ബോളുകളിലുള്ള ആധിപത്യം എന്ത് കൊണ്ട് ഗ്രൗണ്ട്പാസുകളെ പ്രതിരോധിക്കുന്നതിലില്ലെന്നതും, ആശയവിനിമയശോഷണം കൊണ്ടുള്ള സ്ഥാനചലനങ്ങള്‍ ഗോളായി മാറുന്നത് ഇല്ലാതാക്കാനും സംഘടിതപ്രതിരോധത്തിലധിഷ്ഠിതമായ പദ്ധതികള്‍ വികൂനയും ടീമും ഏറ്റവും വേഗം നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കാം.

ഇന്നലത്തെ മാച്ചില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഹീറോ വിചെന്‍റെ ഗോമസ് ആയിരുന്നു എന്നാണ് വിചാരിക്കുന്നത്. ബോക്സ് ടു ബോക്സ് കയറിയിറങ്ങി ടീമിന്‍റെ ഓരോ നീക്കങ്ങളിലും തന്‍റെ സാന്നിധ്യം ഉറപ്പ് വരുത്തിയ കളി, അതിനൊരു തിലകക്കുറിയായി ആ ഗോളും. യുവാന്‍റേയുമൊത്തുള്ള കൂട്ടുകെട്ട് മധ്യനിരയുടെ പ്രതിരോധഭാഗധേയം മോശമല്ലാവിധം നിറവേറ്റുമ്പോഴും ആക്രമണങ്ങളില്‍ അത്രത്തോളം സ്വാധീനം ചെലുത്താനാവുന്നില്ലെന്നൊരു വിമര്‍ശനമുണ്ട്. താരതമ്യേന പരിചയസമ്പന്നരല്ലാത്ത താരങ്ങളുമായുള്ള കളത്തിലെ രസതന്ത്രം പൂര്‍ണ്ണതയിലെത്താനായിട്ടില്ലെന്നതും കല്ലുകടിയാണ്. സ്ട്രൈക്കര്‍ സ്ഥാനത്തേക്ക് തല്‍ക്കാലം വെല്ലുവിളികളില്ലാത്ത ജോര്‍ഡന്‍ മറേ ആദ്യസ്ഥാനങ്ങളിലുള്ള ടീമുകളുടെ സ്ട്രൈക്കേഴ്സിനെ അപേക്ഷിച്ച് അത്ര കേമമല്ലാത്തതും ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ക്ഷാമത്തിന് പ്രധാനകാരണമാണ്.

നന്നായി കളിച്ച സീസണ്‍

കേരള ബ്ലാസ്റ്റേഴ്സ് വിജയങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഒരു പക്ഷെ ഏറ്റവും നന്നായി പന്ത് തട്ടിയ സീസണ്‍ ആണിത്. കോവിഡ് മൂലം തയ്യാറെടുപ്പിന് സമയപരിമിതിയുണ്ടായിട്ടും, ഐലീഗ് ചാമ്പ്യന്‍ കോച്ചാണെങ്കിലും ISLല്‍ തുടക്കക്കാരനായ കോച്ച് കിബു വികൂന ലഭ്യമായ സ്രോതസുകളെ ഉപയോഗപ്പെടുത്തി പടിപടിയായാണെങ്കിലും ടീമിനെ ഏത് വമ്പന്മാര്‍ക്കെതിരിലും നല്ലൊരു ബലാബലം നല്‍കുന്ന കളിക്കൂട്ടമാക്കിയിട്ടുണ്ട്. മിക്ക മല്‍സരങ്ങളിലും 90 മിനുട്ടിന്‍റെ അവസാനപാദങ്ങളിലാണ് ടീം താഴോട്ട് പോകുന്നത്. കളിക്കാരുടെ താരതമ്യേന കുറഞ്ഞ കായികക്ഷമത തന്നെയാണ് ഇതിനു കാരണം. ഇന്നലത്തെയും ATKക്കെതിരെയുമുള്ള മാച്ചെടുത്താലും വ്യക്തിഗതമികവിലാണ് അവരൊക്കെ ജയിച്ച് കയറിയത്.

ബെഞ്ച് സ്ട്രെങ്ത് മുഴുവനായും ഉപയോഗിക്കാന്‍ കിബു ശ്രമിച്ചിട്ടുള്ളതും ജീക്സണ്‍ , സന്ദീപ് സിങ്, മീതേയ് തുടങ്ങിയ യുവതാരങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങളെ പുറത്തെടുക്കാനയതും ദീര്‍ഘവീക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സിന് ഗുണകരമാണ്. കോച്ച് കിബു വികൂനയുടെ കളിതന്ത്രത്തിലും കളിചന്തത്തിലും മിഴിവുള്ള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണില്‍ കുറേക്കൂടി മികച്ച നിലവാരമുള്ള ഇന്ത്യന്‍ താരങ്ങളുടെ സൈനിങ് കൂടി നടത്താനായാല്‍ ആരാധകരുടെ ആത്യന്തികകാത്തിരിപ്പിന് അറുതിയാവുമെന്ന് പ്രതീക്ഷിക്കാം.. വിദേശതാരങ്ങളുടെ 3+1 നിയമാവലി നിലനില്‍ക്കുന്നതിനാല്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സ് ഏറ്റവും നന്നായി സ്കൗട്ടിങ് നടത്തേണ്ടത് ഏറ്റവും മികച്ച ഇന്ത്യന്‍ താരങ്ങള്‍ക്കായാണ്. താക്കോല്‍ സ്ഥാനങ്ങളിലേക്ക് വിദേശതാരങ്ങളുടെ സാന്നിധ്യം ഇപ്പോള്‍

ഒഴിച്ചുകൂടാനാവാത്തതുമാണ്.

ഈ സീസൺ പോട്ടെ, ഈ കോച്ചിനെ നിലനിർത്തണം

11 ടീമുകൾ മാറ്റുരക്കുന്ന ലീഗിൽ ഇനി നാല് മത്സരങ്ങൾ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് അവശേഷിക്കുന്നത്. അവ നാലും ജയിച്ചാലും ആദ്യനാലിൽ ഫിനിഷ് ചെയ്യുക എന്നത് ദുഷ്‌കരമാണ്. നിലവിൽ മുംബൈ സിറ്റിയും എ.ടി.കെ മോഹൻ ബഗാനും സെമി യോഗ്യതയുടെ തൊട്ടരികിലാണ്. ഹൈദരാബാദ്, ഗോവ ടീമുകളാണ് പോയിന്റ് ടേബിളിലെ മൂന്നും നാലും സ്ഥാനക്കാർ. എന്നാൽ നോർത്ത് ഈസ്റ്റ്, ബെംഗളുരു, ജംഷെഡ്പൂർ എന്നീ ടീമുകളും സെമി യോഗ്യതക്കു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായുണ്ട്.

ഈ സീസണില്‍ സെമിഫൈനല്‍ പ്രതീക്ഷ തുലോംതുച്ഛമാണെങ്കിലും ഈ കോച്ചിനെയും അനുബന്ധഘടകങ്ങളെയും ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തേണ്ടതുണ്ട്. അന്‍റോണിയോ ഹബാസായാലും, ലൊബേറോ ആയാലും സമയമെടുത്താണ് തങ്ങളുടെ തത്വചിന്തകള്‍ക്ക് വിജയങ്ങളുടെ നിറമേകിയിട്ടുള്ളത്. കളിക്കാരിലെ ചില ഗുണപരമായ മാറ്റങ്ങള്‍ കൂടി വരും സീസണില്‍ നടന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് നമ്മുടെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതും പ്രത്യാശയോടെ കാത്തിരിക്കുന്നതും.