ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് ദുബൈയുടെ അംഗീകാരം. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച അസ്ട്ര സെനിക്ക വാക്സിനാണ് ദുബൈ ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് വാക്സിൻ ഇന്ന് ദുബൈയിലെത്തി.
രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക വാക്സിനാണ് ഇന്ന് ദുബൈയിലെത്തിയത്. തൊട്ടുപിന്നാലെ ഇന്ത്യൻ നിർമിത വാക്സിന് അംഗീകാരം നൽകിയതായി ദുബൈ ഹെൽത്ത് അതോറിറ്റി പ്രഖ്യാപിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റി വിതരണത്തിന് അനുമതി നൽകുന്ന മൂന്നാമത്തെ വാക്സിനാണിത്. നിലവിൽ ചൈനയുടെ സിനോഫാം, യു.എസ്.എയുടെ ഫൈസർ എന്നിവക്കാണ് അതോറിറ്റി അനുമതി നൽകിയത്. അബൂദബി റഷ്യയുടെ സ്പുട്നിക് വാക്സിനും അംഗീകാരം നൽകിയിട്ടുണ്ട്.
18 വയസ് മുതൽ 60 വയസ് വരെയുള്ള യു.എ.ഇ സ്വദേശികൾ, യു.എ.ഇയിൽ വിസയുള്ള ഇതോ പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാർ, നിത്യരോഗികൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ മുൻനിര കോവിഡ് പ്രതിരോധ രംഗത്തുള്ളവർ എന്നിവർക്കാണ് ഇന്ത്യൻ നിർമിത വാക്സിൻ നൽകുക. വാക്സിൻ ആവശ്യമുള്ളവർ ദുബൈ ഹെൽത്ത് അതോറിറ്റി മുഖേന അപ്പോയിന്റ്മെന്റ് എടുക്കണം.