നിരവധി സങ്കീര്‍ണ്ണമായ നിയമങ്ങളാല്‍ സമ്പന്നമായ കളിയാണ് ക്രിക്കറ്റ്. അത്തരത്തിലുള്ള നിയമങ്ങളിലൊന്നാണ് ക്രിക്കറ്റിലെ ഫോളോ ഓണ്‍. എന്താണ് ഫോളോഓണ്‍? എപ്പോഴെല്ലാമാണ് ഒരു ടീമിന് എതിരാളിയെ ഫോളോ ഓണ്‍ ചെയ്യിക്കാനാകുക? ഇത്തരത്തില്‍ ഫോളോഓണ്‍ ചെയ്യിച്ചശേഷം ആരെങ്കിലും ജയിച്ചിട്ടുണ്ടോ?
ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ഇന്നിംങ്‌സ് വീതമാണ് ഓരോ ടീമിനും ബാറ്റ് ചെയ്യാനായി അവസരം ലഭിക്കുക. സാധാരണ നിലയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ഇന്നിംങ്‌സിന് ശേഷം എതിരാളികള്‍ ബാറ്റ് ചെയ്യും. അതിന് ശേഷമാണ് വീണ്ടും ആദ്യം ബാറ്റ് ചെയ്ത ടീം രണ്ടാം ഇന്നിങ്‌സ് തുടങ്ങുക. എന്നാല്‍ ചിലപ്പോഴെല്ലാം ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ സ്‌കോറിനേക്കാള്‍ കുറവ് റണ്‍സ് മാത്രം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം നേടിയാല്‍ അവരെ വീണ്ടും ബാറ്റ് ചെയ്യിക്കാറുണ്ട്. ഇതിനെയാണ് ഫോളോ ഓണ്‍ ചെയ്യിക്കുകയെന്ന് പറയുന്നത്. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഫോളോഓണ്‍ ചെയ്യേണ്ടി വരുന്നതെന്ന് നോക്കാം.
ഉദാഹരണത്തിന് ആദ്യം ബാറ്റ് ചെയ്യുന്ന ടീം 500 റണ്‍സെടുത്തുവെന്ന് കരുതുക. എതിരാളികളുടെ ആദ്യ ഇന്നിംങ്‌സ് 300 റണ്‍സില്‍ താഴെ അവസാനിക്കുകയും ചെയ്താല്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനെ അവരെ ഫോളോ ഓണ്‍ ചെയ്യിക്കാനാകും. അങ്ങനെ വന്നാല്‍ അവര്‍ക്ക് വീണ്ടും ബാറ്റിംങിന് ഇറങ്ങേണ്ടി വരും. ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്‌കോറിനേക്കാള്‍ കൂടുതല്‍ റണ്‍സ് രണ്ട് ഇന്നിംങ്‌സിലുമായി കൂട്ടിച്ചേര്‍ത്ത് എടുക്കാനായില്ലെങ്കില്‍ അവര്‍ക്ക് ഇന്നിംങ്‌സ് തോല്‍വിയാണ് നേരിടേണ്ടി വരിക.
ക്രിക്കറ്റ് നിയമപ്രകാരം ആദ്യം ബാറ്റ് ചെയ്ത ടീമിന് രണ്ടാമത്തെ ടീമിനോട് ഫോളോ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെടണമെങ്കില്‍. താഴെപ്പറയുന്നതില്‍ കൂടുതല്‍ ലീഡ് ഉണ്ടായിരിക്കണം.
5 ദിവസ മത്സരങ്ങളില്‍ കുറഞ്ഞത് 200 റണ്‍സ് ലീഡ്
4 ദിവസ മത്സരങ്ങളില്‍ 150 റണ്‍സ്
2 ദിവസ മത്സരങ്ങളില്‍ 100 റണ്‍സ്
1 ദിവസ (2 ഇന്നിങ്‌സ് വീതമുള്ള) മത്സരങ്ങളില്‍ 75 റണ്‍സ്
ഇനി നിശ്ചിത റണ്‍സിനേക്കാള്‍ കൂടുതല്‍ ലീഡുണ്ടെങ്കിലും എതിര്‍ ടീമിനെ ഫോളോ ഓണ്‍ ചെയ്യിക്കണമോ എന്നത് ക്യാപ്റ്റന്റെ മാത്രം തീരുമാനമായിരിക്കും. മെല്‍ബണ്‍ ടെസ്റ്റില്‍ 292 റണ്‍സിന്റെ ആദ്യ ഇന്നിംങ്സ് ലീഡുണ്ടായിട്ടും കോഹ്ലി ആസ്ട്രേലിയയെ ഫോളോഓണ്‍ ചെയ്യിച്ചിരുന്നില്ല. അത് ഇന്ത്യന്‍ജയം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു.
ഇനി ഫോളോ ഓണ്‍ ചെയ്യിച്ച ടീം രണ്ടാം ഇന്നിംങ്‌സിന്റെ കൂടി ബലത്തില്‍ ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്‌കോറിനേക്കാള്‍ കൂടുതലെടുത്താല്‍, ആദ്യം ബാറ്റു ചെയ്ത ടീമിന് വീണ്ടും ബാറ്റു ചെയ്യാം. ഇങ്ങനെ ഒരിക്കല്‍ ഫോളോ ഓണ്‍ ചെയ്യിച്ച ശേഷം തോല്‍ക്കേണ്ടി വരിക ക്രിക്കറ്റില്‍ അത്യപൂര്‍വ്വമാണ്. മൂന്നേ മൂന്ന് തവണ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്തരം തോല്‍വികള്‍ സംഭവിച്ചിട്ടുള്ളൂ. മൂന്ന് തവണയും തോറ്റത് ആസ്‌ട്രേലിയയായിരുന്നു.
1894ലാണ് ആദ്യമായി ഇങ്ങനെയൊരു മത്സരഫലമുണ്ടായത്. സ്‌കോര്‍: ആസ്‌ട്രേലിയ 586, 166 ഇംഗ്ലണ്ട് 325, 437(ഫോളോഓണ്‍) ഇംഗ്ലണ്ട് 10 റണ്‍സിന് ജയിച്ചു.
രണ്ടാം മത്സരം 1981ലായിരുന്നു സ്‌കോര്‍: ആസ്‌ട്രേലിയ 401/9ഡിക്ലയേഡ്, 111 ഇംഗ്ലണ്ട് 174, 356. ഇംഗ്ലണ്ട് ജയിച്ചത് 18 റണ്‍സിന്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഫോളോഓണ്‍ വഴങ്ങിയ ശേഷം ഏറ്റവും ആധികാരികമായി ജയിച്ചത് ഇന്ത്യയാണ്. 2001ല്‍ കൊല്‍ക്കത്തയില്‍ ആസ്‌ട്രേലിയക്കെതിരെയായിരുന്നു ക്രിക്കറ്റിലെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആ ടെസ്റ്റ് നടന്നത്. വി.വി.എസ് ലക്ഷ്മണിന്റെയും(281), രാഹുല്‍ദ്രാവിഡിന്റേയും(180) മാസ്മരിക പ്രകടനങ്ങളിലൂടെയായിരുന്നു കൊല്‍ക്കത്തയില്‍ തകര്‍ന്ന ശേഷം ഇന്ത്യ ഉയിര്‍ത്തത്.
സ്‌കോര്‍: ആസ്‌ട്രേലിയ 445, 212 ഇന്ത്യ 171, 657/7ഡിക്ലെയേഡ്. ഇന്ത്യ 171 റണ്‍സിന് ജയിച്ചു.