International

മ്യാന്മർ: സൈനിക ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചിയോട് യു.എൻ

യു.എന്നിന് പുറമെ യൂറോപ്പ്യൻ യൂണിയനും പന്ത്രണ്ടോളം രാജ്യങ്ങളും , മ്യാന്മർ സൈന്യത്തോട് സംയമനം പാലിക്കണമെന്ന ആവശ്യമുയർത്തി..

തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചി ഭരണകൂടത്തോട് യു.എൻ. മ്യാന്മർ രാഷ്ട്രീയത്തിൽ ഉടലെടുക്കുന്ന സമീപകാല വികസനങ്ങളിൽ വലിയ ആശങ്ക ഉണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗട്ടറസ് പറഞ്ഞു.

കഴിഞ്ഞ നവംബറിൽ നടന്ന മ്യാന്മറിന്റെ ദേശീയ തെരഞ്ഞെടുപ്പ് അയോഗ്യമാണെന്നാണ് സൈന്യം ഉന്നയിക്കുന്ന ആരോപണം. ഇനിയും ഈ പ്രശ്നത്തെ പരിഗണിക്കാൻ അധികാരമേറ്റ സൂചി ഭരണകൂടം തയ്യാറായില്ലെങ്കിൽ, മ്യാന്മർ ഒരു അട്ടിമറിക്ക് സാക്ഷ്യം വഹിക്കേണ്ടി വരും എന്നും സൈന്യം സൂചിപ്പിക്കുകയുണ്ടായി. ഭരണഘടന കൃത്യമായി അനുഗമിക്കപ്പെടുന്നില്ലെങ്കിൽ അതിനെ ഉപേക്ഷിക്കുന്നതാണ് ഭേദം എന്ന്, മുതിർന്ന കമാണ്ടർ ഇൻ ചീഫ് മിൻ ഓങ് ലൈങ് കഴിഞ്ഞ ദിവസം സൈന്യത്തെ അഭിമുകീകരിക്കുമ്പോൾ പറയുകയുണ്ടായി.

യു.എന്നിന് പുറമെ യൂറോപ്പ്യൻ യൂണിയനും ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, അമേരിക്ക തുടങ്ങിയ പന്ത്രണ്ടോളം രാജ്യങ്ങളും , മ്യാന്മർ സൈന്യത്തോട് സംയമനം പാലിക്കാനും ജനാധിപത്യ രീതികൾ അവലംബിക്കാനും ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിൽ മാറ്റം വരുത്തുന്നതിനോടോ, മ്യാന്മറിന്റെ ജനാധിപത്യ പ്രക്രിയകൾക്ക് തടസ്സം നിൽക്കുന്നതിനോടോ തങ്ങൾക്ക് യോജിപ്പ് ഇല്ല എന്നും ഈ രാജ്യങ്ങൾ വ്യക്തമാക്കുകയുണ്ടായി.