Kerala

കെമാല്‍ പാഷ, ബിജു പ്രഭാകര്‍, ജിജി തോംസണ്‍: സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ തേടി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ തേടി കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് പുറത്ത് നിന്ന് വിജയസാധ്യതയുള്ള പ്രമുഖരെ കളത്തിലിറക്കാനായി നേതൃത്വം ശ്രമം തുടങ്ങി. മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, മുന്‍ ഐഎഫ്എസ് ഓഫീസര്‍ വേണു രാജാമണി, ജസ്റ്റിസ് കെമാല്‍ പാഷ എന്നിവരാണ് പരിഗണനയിലുള്ളവര്‍.

ഇത്തവണ ഗ്രൂപ്പ് വീതം വെപ്പുകള്‍ നടക്കില്ലെന്ന ഹൈക്കമാന്റ് തീര്‍ത്ത് പറഞ്ഞ് കഴിഞ്ഞു. വിജയസാധ്യതയുള്ള വരെ മാത്രം ഗോദയിലിറക്കും. അതിനായി പാര്‍ട്ടിക്ക് പുറത്തുള്ള പ്രമുഖര്‍ക്ക് കൂടി ഇടം നല്‍കാനാണ് ആലോചന. അനൌപചാരികമായി പല പ്രമുഖരുമായും നേതൃത്വം ആശയവിനിമയം തുടങ്ങി.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ചെങ്ങന്നൂരില്‍ കളത്തിലിറക്കാനാണ് ശ്രമം. വട്ടിയൂര്‍കാവും പരിഗണിക്കും. നിലവില്‍ വട്ടിയൂര്‍കാവിലെ വോട്ടറാണ് ജിജി തോംസണ്‍. എന്നാല്‍ ഇതുവരെ അദ്ദേഹം സമ്മതം മൂളിയിട്ടില്ല.

ബിജു പ്രഭാകറിനെ കായംകുളത്ത് പോരിനിറക്കാനാണ് ആലോചന. മുന്‍ കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകന്‍ കൂടിയായ ബിജു പ്രഭാകരന് അഴിമതി വിരുദ്ധ പ്രതിച്ഛായ തുണയാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ തല്‍ക്കാലം തെരഞ്ഞെടുപ്പ് പരീക്ഷണത്തിനില്ലെന്നും സര്‍ക്കാര്‍ സര്‍വീസില്‍ തുടരാനാണ് താല്‍പര്യമെന്നും ബിജു പ്രഭാകര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. പക്ഷേ ശ്രമം തുടരനാണ് കോണ്‍ഗ്രസ് തീരുമാനം.

മുന്‍ ഐഎഫ്എസ് ഓഫീസറായ വേണു രാജാമണിയേയും പരിഗണിക്കുക വട്ടിയൂര്‍കാവിലേക്കാണ്. പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയും നെതര്‍ലെന്റ് അംബാസിഡറുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുള്ള വേണു രാജാമണിയുടെ പ്രതിച്ഛായ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മഹാരാജാസിലെ പഠന കാലത്ത് എസ്എഫ്ഐയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നയാളായ വേണു രാജമണിക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെങ്കിലും ഇതു തടസമാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

കെമാല്‍ പാഷയെ സ്വന്തം നാടായ പുനലൂരില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ എറണാകുളം ജില്ലയില്‍ നിന്ന് മത്സരിക്കാനാണ് താല്‍പര്യമെന്നാണ് കെമാല്‍ പാഷയുടെ നിലപാട്. മറ്റ് ചില പ്രമുഖരുമായും കോണ്‍ഗ്രസ് നേതാക്കാള്‍ സമാനമായി രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ട്.