Cricket Sports

താരമായി സിറാജ്; സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍

ഇന്ത്യ – ആസ്ട്രേലിയ ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൌളറായി മുഹമ്മദ് സിറാജ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ സിറാജ് കളിച്ചിരുന്നില്ല. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സിറാജ് സ്വന്തമാക്കി.

മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിലാണ് സിറാജ് തന്‍റെ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റുകള്‍ നേടി സിറാജ് തിളങ്ങിയിരുന്നു. പരിചയസമ്പത്ത് വളരെ കുറഞ്ഞ ഇന്ത്യന്‍ ബൌളിങ് നിരയെ നാലാം ടെസ്റ്റില്‍ സിറാജാണ് മുന്നില്‍ നിന്ന് നയിച്ചത്.

ലാമ്പുഷെയിനെയും മാത്യു വെയ്ഡിനെയും ഒരു ഓവറില്‍ത്തന്നെ പുറത്താക്കുകയും അപകടകാരിയായ സ്റ്റീവ് സ്മിത്തിനെയും മടക്കുന്നതിലൂടെ സിറാജ് ഇന്ത്യക്ക് വലിയ മേല്‍ക്കെ മത്സരത്തില്‍ നേടിക്കൊടുത്തു. പിന്നീട് സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും പുറത്താക്കി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓരോ കളികള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. നാലാം ടെസ്റ്റില്‍ വിജയിക്കാനായി അവസാന ദിനത്തില്‍ ഇന്ത്യക്ക് 324 റണ്‍സ് കൂടി വേണം.

സീരീസിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൌളര്‍മാര്‍

മുഹമ്മദ് സിറാജ് – 13 വിക്കറ്റ് (മൂന്ന് ടെസ്റ്റ്)

രവിചന്ദ്രന്‍ അശ്വിന്‍ – 12 വിക്കറ്റ് (മൂന്ന് ടെസ്റ്റ്)

ജസ്പ്രിത് ബുംറ – 11 വിക്കറ്റ് (മൂന്ന് ടെസ്റ്റ്)

രവീന്ദ്ര ജഡേജ – 7 വിക്കറ്റ് (2 ടെസ്റ്റ്)

ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ – 7 വിക്കറ്റ് (1 ടെസ്റ്റ്)