സൂറിക്ക്: ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ കേളി അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടന്നു . കേളി സ്വിറ്റ്സർലണ്ടിൽ വേദി ഒരുക്കുന്ന പതിനാറാമത് കലാമേളയുടെ ആദ്യ രജിസ്ട്രേഷൻ കുമാരി. ഇഷിത അബ്രഹാമിൽ നിന്നും സ്വിറ്റ്സർലാന്റിലെ ഇൻഡ്യൻ അംബാസഡർ ശ്രീ.സിബി ജോർജ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇനി മുതൽ കലാമേള വെബ് സൈറ്റിൽ കേളി അന്താരാഷ്ട്രകലാമേള രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിരിക്കും.
ബേണിലെ ഇന്ത്യൻ ഹൗസിൽ വച്ച് ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ് ഐ.എഫ്എ.സ് കലാമേളയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി റോഷ്നി തോംസൺ ഐ.എഫ്എ.സ്, കലാമേള കൺവീനർമാർ കേളി പ്രസിഡന്റ് ബെന്നി പുളിക്കൽ സെക്രട്ടറി ദീപ മേനോൻ ട്രെഷറർ പയസ് പാലാത്തറക്കടവിൽ എന്നിവരുടെയും സാന്നിദ്ധ്യത്തിലാണ് കേളി അന്താരാഷ്ട്ര കലാമേള കിക്ക് ഓഫ് നടന്നത്. ഇൻഡ്യൻ എംബസി ബേണിന്റെ പൂർണ്ണ സഹകരണത്തോടെയാണ് കേളി കലാമേള 2019 അരങ്ങേറുന്നത്. കേളി എക്സിക്യു്ട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റിയും സംയുക്തമായി കലാമേളയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജൂൺ 8, 9 തീയ്യതികളിൽ സൂറിച്ചിലെ ഫെറാൽടോർഫിലാണ് പതിവ് പോലെ ഈ വർഷവും കലാമേള അരങ്ങേറുക. നൃത്തനൃത്ത്യേതര ഇനങ്ങളിൽ വിവിധമൽസരങ്ങൾ മൂന്ന് സ്റ്റേജുകളിലായി അരങ്ങേറും. സൂപ്പർ ഷോർട്ട് ഫിലിമിന് ലോകത്തിലെവിടെ നിന്നും എൻട്രി നൽകാവുന്നതാണ്. സൂര്യ ഇന്ത്യാ കലാതിലകം കലാപ്രതിഭ , കേളി കലാരത്ന ഫാ.ആബേൽ മെമ്മോറിയൽ അവാർഡുകൾക്ക് പുറമെ മത്സരവിജയികൾക്കെല്ലാവർക്കും ട്രോഫികളും സെർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും. കേളി ഒരുക്കുന്ന പതിനാറാമത് കലാമേളയാണ് ഈ വർഷം വിപുലമായി അരങ്ങേറുക.
ഇൻഡ്യൻ കലകളെ യൂറോപ്യൻ മണ്ണിൽ വെള്ളവും വെളിച്ചവും നൽകി ഊട്ടി വളർത്തുന്ന ഉത്കൃഷ്ട പ്രവൃത്തിയാണ് അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ചെയ്തു വരുന്നത്. ഈ മത്സര വേദിയിൽ നിന്നും ഉദിച്ച് വന്ന നിരവധി താരങ്ങളാണ് യൂറോപ്പിൽ ശോഭിക്കുന്നത്. അമ്പതിലധികം ജഡ്ജസ് നൂറോളം വോളന്റീയേഴ്സ് ഇരുന്നൂറിലധികം കലാകാരികളും കലാകാരന്മാരും മൂന്ന് സ്റ്റേജുകളിലായി രണ്ട് ദിനരാത്രങ്ങൾ യൂറോപ്പിൽ ഉത്സവപ്രതീതി ഉണർത്തുന്ന യുവജനോഝവമാണ് കേളി അന്താരാഷ്ട്രകലാമേള .
കേളി കലാമേളയുടെ രജിസ്ട്രേഷൻ www.kalamela.com വഴി മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജനറൽ കൺവീനർ റീന അബ്രഹാം അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് www.kalamela.com സന്ദർശിക്കുക.
റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ