കാർഷിക പരിഷ്കരണ നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജനുവരി 26ന് ട്രാക്ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ പുതിയ ഹർജിയും കോടതിയുടെ പരിഗണനക്ക് വരും. ഡൽഹി അതിർത്തികളിലെ കർഷക സമരം 48ആം ദിവസത്തിലേക്ക് കടന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് തുടരുന്ന സമരം പിൻവലിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കോടതി ഇന്നലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതിനു പിന്നാലെ സമർപ്പിച്ച സത്യവാങ്മൂലത്തിലും നിയമം പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു. നിയമം പെട്ടെന്ന് കൊണ്ടുവന്നതല്ലെന്നും രണ്ട് പതിറ്റാണ്ടുകളായി നടന്ന ചർച്ചകൾക്കുശേഷം കൊണ്ടുവന്നതാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.
ജനുവരി 26ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ജോയിന്റ് കമ്മീഷണർ സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.