India National

പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. രാജ്യം ഏറെ കാത്തിരുന്ന വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് മുന്നോടിയായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെയും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു. അതിന്റെ അവസാന ഘട്ടമെന്നോണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

യോഗത്തില്‍ പ്രധാനമന്ത്രി വാക്‌സീനേഷന്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദേശങ്ങള്‍ വിശദീകരിക്കും. സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും നീക്കാനും കൂടിയാണ് ഇന്നത്തെ കൂടിക്കാഴ്ച. സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രക്കും കൂടുതല്‍ വാക്‌സിന്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പുണെയില്‍ നിന്നും ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, എന്നീ പ്രധാന ഹബുകളിലേക്കാണ് ആദ്യം മരുന്ന് എത്തിക്കുക. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2 കോടി കോവിഡ് മുന്നണിപോരാളികള്‍ക്കുമാണ് പ്രഥമ പരിഗണന. ശേഷം 50 വയസിന് മുകളില്‍ പ്രായമായവര്‍ക്കും 50 വയസില്‍ താഴെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമടക്കം 27 കോടി പേര്‍ക്കും നല്‍കും.