International

അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടു നില്‍ക്കും; നന്നായെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ജനുവരി 20ന് തന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം നന്നായെന്ന് നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് രാജ്യത്തിന് നാണക്കേടാണ് എന്നും ബൈഡന്‍ പറഞ്ഞു. വില്‍മിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹം നാടു ഭരിക്കാന്‍ യോഗ്യനല്ല. യുഎസ് ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട ഭരണാധികാരിയാണ് ട്രംപ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിനെ സ്വാഗതം ചെയ്തില്ല എങ്കിലും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിനെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ക്ഷണിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ട്രംപിനെ ഇംപീച്ച് ചെയ്യും

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്മെന്റിന് അനുമതി നല്‍കിയത്.

ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയതായി സ്പീക്കര്‍ വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.

അതേസമയം ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ അനിശ്ചിത കാലത്തേക്ക് വിലക്കി. കാപ്പിറ്റോള്‍ ഹില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. ട്രംപിന്റെ സമീപകാല ട്വീറ്റുകള്‍ പ്രകോപനപരമായതിനാല്‍ നടപടിയെന്നും ട്വിറ്റര്‍. ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു. താല്‍ക്കാലികമായ നിരോധനം പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു.