അമ്പത്തഞ്ചു വർഷത്തിലാദ്യമായി ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ വിദേശ അതിഥിയുണ്ടാവില്ല. വിദേശകാര്യ മന്ത്രാലയത്തിലെ ശ്രോതസ്സുകളെ ഉദ്ധരിച്ചു ഇന്ത്യൻ എക്സ്പ്രസ്സ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിയില്ലെന്നറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തെക്കുറിച്ചു ആലോചിക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവും രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനവും മൂലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം ഒഴിവാക്കിയത്.
കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ വിദേശ അതിഥിയെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും അനൗചിത്യവുമാണ് ഇത്തവണ വിദേശ അതിഥിയെ ഒഴിവാക്കാൻ കേന്ദ്രം ആലോചിക്കുവാൻ കാരണം. മിക്ക രാജ്യ തലവന്മാരും ഇനിയും വിട്ടൊഴിയാതെ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ തിരക്കിലായതും ഒരു കാരണമായി കണക്കാക്കുന്നു.
1966 ലാണ് ഇതിനു മുൻപ് വിദേശ രാഷ്ട്ര പ്രതിനിധിയില്ലാതെ റിപ്പബ്ലിക്ക് പരേഡ് നടന്നത്. ജനുവരി 11 നു അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി മരിച്ചതിനെത്തുടർന്നാണ് ഇത്. ജനുവരി 24 നു ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലേറിയെങ്കിലും വിദേശ പ്രതിനിധിയെ ക്ഷണിച്ചില്ല.