യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലെ 1967 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദുബൈയിൽ രോഗികളുമായി സമ്പർക്കമുണ്ടായവർക്ക് 10 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. വാക്സിനേഷൻ നടപടികളും ഊർജിതമാക്കി.
യുഎഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,16,699 ആയി. ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. മരണസംഖ്യ 685ലെത്തി. നിലവിൽ 22,693 പേരാണ് യുഎഇയിൽ ചികിൽസയിലുള്ളത്. രോഗമുക്തർ 1,93,321 ആയി.
രോഗികളുടെ എണ്ണം പെരുകുന്നതിനിടെ ദുബൈയിൽ പുതിയ ക്വാറന്‍റൈൻ നിയമം നിലവിൽ വന്നു. രോഗികളുമായി സമ്പർക്കമുള്ളവർ 10 ദിവസം നിർബന്ധിത ക്വാറന്‍റൈനിൽ കഴിയണം. ഇവർ പരിശോധനയിൽ നെഗറ്റീവ് ആണ് എന്ന് തെളിഞ്ഞാലും ക്വാറന്‍റൈൻ നിർബന്ധമായിരിക്കുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. കോവിഡ് രോഗികളുമായി രണ്ട് മീറ്റർ അകലത്തിൽ കഴിഞ്ഞതും അവരുമായി 15 മിനിറ്റിൽ കൂടുതൽ ചെലവഴിച്ചതും സമ്പർക്കമായി കണക്കാക്കണം. രോഗം തിരിച്ചറിയുന്നതിന് രണ്ട് ദിവസം മുമ്പും തിരിച്ചറിഞ്ഞതിന് ശേഷം 14 ദിവസവും അവരുമായി സമ്പർക്കമുണ്ടെങ്കിൽ ക്വാറന്‍റൈൻ നിർബന്ധമായിരിക്കും.
യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഓരോ 14 ദിവസവും പിസിആർ പരിശോധന നിർബന്ധമാക്കി. വാക്സിനെടുത്താൻ ഈ നിബന്ധന ബാധകമല്ല.