Kerala

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; മൂന്ന് ജില്ലകളില്‍ വ്യാപനം രൂക്ഷം

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു. വയനാട്ടില്‍ 100 പേരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നൂറില്‍ 11 പേര്‍ക്കും എറണാകുളത്ത് 100 ല്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെയുള്ള കണക്കാണിത്.

വയനാട് 12.6 ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചു. പത്തനംതിട്ടയില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ 9.2 ശതമാനം ആയിരുന്നത് ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് ആയപ്പോഴേക്കും 11.6 ശതമാനമായി ഉയര്‍ന്നു. എറണാകുളത്ത് 10.2 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.6 ശതമാനമായി ഉയര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 5615 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.