കൊവിഡ് കാലത്ത് ഇന്ത്യയില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഭീകരവാദ റിക്രൂട്ട്മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്കോര്‍ഡ് ഗെയിമിംഗ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഐ.എസ്.ഐ.എസ്. റിക്രൂട്ട്മെന്റ് നടത്തിയത്. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്ട്ടിന്മേല് എന്‍.ഐ.എ ഊര്‍ജിത അന്വേഷണം ആരംഭിച്ചു.
ഐ.എസ്.ഐ.എസിന്റെ ഇതിനായുള്ള ശ്രമങ്ങള്‍ വെളിവാക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോയ്ക്കും റോയ്ക്കും ലഭിച്ചു. ഇന്ത്യയില്‍ ഐ.എസ്.ഐ.എസ്. മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് നടത്തിയ ഭീകരവാദ റിക്രൂട്ട്മെന്റ് ശ്രമങ്ങള്‍ സംബന്ധിച്ച തെളിവാണ് ലഭിച്ചത്.
റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്കോര്‍ഡ് ഗെയിമിംഗ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐ.ബി. എന്‍.ഐ.എയ്ക്ക് കൈമാറി. സാഹസിക ജീവിതവും അത്യാഹ്ളാദവും വാഗ്ദാനം ചെയ്ത് ആരംഭിക്കുന്ന റിക്രൂട്ട്മെന്റ് ശ്രമങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സ്വഭാവ പരിവര്‍ത്തനത്തിനും ആണ് ലക്ഷ്യമിട്ടത്.
അസാധാരണ താത്പര്യത്തോടെ കുട്ടികളും യുവാക്കളും മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട വിധം ഗുരുതരമാണ് വിഷയം എന്ന് ഐബി വക്താക്കള്‍ സൂചിപ്പിച്ചു. ഭീകരര്‍ ലക്ഷ്യമിട്ടവരില്‍ പെണ്‍കുട്ടികളും ഉണ്ട്. ഇതിന്റെ തെളിവും ഐ.ബി. എന്‍ഐഎയ്ക്ക് കൈമാറി.