Kerala

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ സംസ്ഥാനത്ത് 90 കോടിയുടെ അധിക മദ്യവില്‍പ്പന

സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. ക്രിസ്മസ് പുതുവത്സര സീസണില്‍ 90 കോടിയുടെ വരുമാന വര്‍ധനവുണ്ടായെന്ന് ബെവ്കോ അറിയിച്ചു.

നികുതി വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് ബെവ്കോ പുറത്തു വിട്ടിരിക്കുന്നത്.

ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. ബെവ്കോയുടെ കണക്കുകള്‍ പ്രകാരം 600 കോടിയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 510 കോടിയുടെ വില്‍പ്പനയാണ് ഉണ്ടായിരുന്നത്.

സാധാരണ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോകാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് തിരുവനന്തപുരത്ത് പവര്‍ഹൌസ് ഔട്ട്‍ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 70 ലക്ഷം രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ ഇവിടെ വിറ്റുപോയത്.