ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് ചാണകം തള്ളി കര്‍ഷകരുടെ പ്രതിഷേധം. വെള്ളിയാഴ്ചയാണ് ഒരു സംഘമാളുകള്‍ ട്രാക്ടറിലെത്തിച്ച ചാണകം ബിജെപി നേതാവായ തിക്സന്‍ സൂദിന്റെ വീട്ടുമുറ്റത്ത് തള്ളിയത്.
സമരക്കാര്‍ കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിക്സന്‍ സൂദ് പൊലീസിനെ സമീപിച്ചു.
പ്രതിഷേധത്തിന്റെ പേരില്‍ ഇത്തരം അക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികള്‍ എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് സമരനേതാക്കളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ, കൊടുംതണുപ്പിലും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക പ്രതിഷേധം തുടരുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘടനാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജനുവരി നാലിന് അകം വിഷയങ്ങളില്‍ തീരുമാനമുണ്ടാക്കണം എന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി ആറിന് കൂറ്റന്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് ആലോചന.
കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കളുമായി നടത്തിയ ആറാം വട്ട ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നു. ജനുവരി നാലിന് അടുത്ത രണ്ടു വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യും എന്നാണ് കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്രമന്ത്രിമാരും സംഘടനാ നേതാക്കളുടെ പ്രതിനിധികളുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.