കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ അടച്ചുപൂട്ടിയ പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ നിലക്ക് തിയേറ്ററുകളും തുറക്കണമെന്ന് ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്. കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍വം ഉണ്ടാകണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സിനിമയും ഒരു തൊഴിലാണ് !!
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വർഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാൽ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്.
എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാൻ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂർവ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങൾ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകൾ തുറക്കാൻ സാധിക്കാനാത്തതിനാൽ കൊറോണയ്ക്ക് മുൻപ് ചിത്രീകരണം ആരംഭിച്ചതുൾപ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തിൽ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
സിനിമ മേഖലയിലെ ആർട്ടിസ്റ്റുകൾ, ടെക്നിഷ്യൻസ്, പ്രൊഡക്ഷൻ രംഗത്തെ തൊഴിലാളികൾ, തീയറ്റർ ഉടമകൾ, തൊഴിലാളികൾ, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്. തീയറ്ററുകൾ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂർവ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.